വിമാനത്തിലെ പ്രതിഷേധം അനാവശ്യം, പ്രവർത്തകരെ തള്ളിപ്പറയില്ലെന്ന് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയല്ല വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. പുതിയ സമരരീതി അവര്‍ പരീക്ഷിച്ചതാകാം. അത്തരം ഒരു പ്രതിഷേധത്തെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നില്ല. എന്നാല്‍, അവരുടെ ഉദ്ദേശശുദ്ധിയെ തള്ളിപ്പറയില്ല. വിമാന പ്രതിഷേധത്തില്‍ സി.പി.എം നുണപ്രചരിപ്പിക്കുകയാണ്. വിമാന പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കിയതെന്നും സുധാകരൻ വ്യക്തമാക്കി.
യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ജയരാജനെതിരെ കേസെടുക്കണം. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ ആരേയും കൈയേറ്റം ചെയ്തിട്ടില്ല. അവര്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നാണ് ആദ്യം പറഞ്ഞത്. വൈദ്യപരിശോധനയില്‍ ആ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. വായ് തുറന്നാല്‍ വിടുവായത്തരം പറയുന്ന വ്യക്തിയാണ് ജയരാജനെന്നും സുധാകരന്‍ പരിഹസിച്ചു.
കറന്‍സി കടത്തലില്‍ ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തിപ്പെടുത്തും. ഈ ആരോപണത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നത്. അത് വിലപ്പോകില്ല. സി.പി.എമ്മിന്റെ വളര്‍ത്ത് ഗുണ്ടകളെപ്പോലെയാണ് കേരള പൊലീസ് പ്രവര്‍ത്തിക്കുന്നത്. സി.പി.എം ഗുണ്ടകള്‍ക്ക് മര്‍ദിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുവെക്കുന്നു.
പ്രതിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണടിച്ച് പൊലീസ് തകര്‍ക്കുന്നു. ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസിനെ കോണ്‍ഗ്രസിന് തള്ളിപ്പറയേണ്ടിവരും. നീതിബോധമുള്ളതും നിയമം നടപ്പിലാക്കുന്നതുമായ പൊലീസ് സംവിധാനത്തെ മാത്രം കോണ്‍ഗ്രസ് അംഗീകരിക്കുമെന്നും മറിച്ചാണെങ്കില്‍ അതിനെ അത്തരത്തില്‍ തന്നെ നേരിടുമെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.