പ്രതിഷേധം ഫലം കണ്ടു; ഓണച്ചന്തയിൽനിന്ന് 'മുഹർറം' പേര് ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ഓണം - മുഹർറം സഹകരണ വിപണി എന്നതില്‍നിന്നും മുഹർറം ഒഴിവാക്കി കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിറക്കി. സഹകരണ ഓണം വിപണി എന്നാണ് ഇനി ഉപയോഗിക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമർ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു.
ഇനി മുതല്‍ സബ്‌സിഡി വിപണിയുടെ ഭാഗമായ എഴുത്തുകളിലും യോഗങ്ങളിലും പരസ്യങ്ങളിലും മുഹർറം എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നും അറിയിച്ചു. നിലവില്‍ തയാറാക്കിയ ബാനറില്‍നിന്ന് മുഹർറം എന്ന വാക്ക് ഒഴിവാക്കണമെന്നും കണ്‍സ്യൂമര്‍ ഫെഡ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഓണം - മുഹർറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിൽ മുഹർറം എന്ന വാക്ക് വന്നതോടെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഒാണം - മുഹർറം ചന്തയിൽനിന്ന് മുഹർറം എന്ന വാക്ക് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടിരുന്നു. 'മുഹർറം ഓണത്തെപ്പോലെ മേളയോ ആഘോഷമോ അല്ല. കർബലയിൽ പ്രവാചക പൗത്രൻ കൊല്ലപ്പെട്ട നൊമ്പരപ്പെടുത്തുന്ന ഓർമകളാണ്. മുസ്ലിംകളെ ലൊട്ട്ലൊടുക്ക് കാട്ടി കീശയിലാക്കാനാണ് ഇടതു ശ്രമം. മൂന്നക്ഷരം കൂട്ടിച്ചേർത്താൽ കീശയിലാവുമെന്ന ധാരണ തിരുത്തണം' -പി.എം.എ സലാം വ്യക്തമാക്കി.
എന്നാൽ, മുസ്ലിം ലീഗിന്‍റെ നിലപാടിനെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്തുവന്നിരുന്നു. കേരളത്തിലെ മുസ്ലിംകളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികൾ മുഹർറം 10 വിശേഷാൽ ദിവസമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.