പി.ടി -7; ദൗത്യം നിർവഹിച്ചത് 72 അംഗ സംഘം
text_fieldsഅകത്തേത്തറ: ഒരു പ്രദേശത്തെയാകെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ 7.20ന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽനിന്ന് ധോണിയിലെ ക്യാമ്പിലെത്തിച്ചത്.
ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും 50 മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പൻ 140 യൂക്കാലിപ്സ് മരം കൊണ്ട് നിർമിച്ച കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ധോണിക്കാർ.
കാട്ടിൽ മദിച്ച് നടന്ന കാട്ടാനക്ക് ഇനി ചിട്ടയുടെ കാലമാണ്. പി.ടി ഏഴിനെ പിടികൂടാനുള്ള ദൗത്യ സംഘത്തിൽപെട്ടവരെ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ധോണി ക്യാമ്പിലായിരുന്നു ചടങ്ങ്.
ദൗത്യം സങ്കീർണം, വിജയം
അടിമുടി സങ്കീർണതകൾ നിറഞ്ഞ ദൗത്യമാണ് വനംവകുപ്പ് ഏറ്റെടുത്തത്. കൃത്യമായ പദ്ധതികളും സുരക്ഷ മുൻകരുതലുകളും ഉറപ്പുവരുത്തിയായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. ആദ്യം രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനെത്തിച്ചിരുന്നത്. തുടർന്ന് ഒരാനയെക്കൂടി വേണമെന്ന് ഡോ. അരുൺ സഖറിയ ആവശ്യപ്പെടുകയായിരുന്നു. ദൗത്യത്തിലെ സങ്കീർണത അധികൃതരെ ബോധിപ്പിക്കാനായതോടെ ആ ആവശ്യവും അനുവദിക്കപ്പെട്ടു.
ഞായറാഴ്ച പുലർച്ചയോടെ തന്നെ ദൗത്യത്തിന് തുടക്കമായി. കാട്ടിൽനിന്ന് ആർ.ആർ.ടി സംഘം ആനയുടെ നിൽപ് സംബന്ധിച്ച് വിവരങ്ങൾ കൈമാറി. തുടർന്ന് ആദ്യ ട്രാക്കിങ് സംഘം കാട്ടിലെത്തി. തുടർന്നാണ് വിവരം ഡോ. അരുൺ സഖറിയക്ക് കൈമാറുന്നത്. മൂന്ന് വാഹനങ്ങിലായി കോർമ ഭാഗത്തേക്ക് ഡോ. അരുൺ സഖറിയയും സംഘവുമെത്തി. വെളിച്ചക്കുറവ് കണക്കിലെടുത്ത് അൽപസമയം കാത്തുനിന്ന സംഘം നേരം പുലർന്നതോടെ ദൗത്യം ആരംഭിക്കുകയായിരുന്നു.
തുടർന്ന് ആന നിൽക്കുന്ന സ്ഥലമടക്കം തിട്ടപ്പെടുത്തി 7.20ന് മയക്കുവെടി വെച്ചു. കോർമ വനാതിർത്തിയിൽ ജനവാസ മേഖലക്കരികെ വെച്ചായിരുന്നു വെടിവെച്ചിട്ടത്. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറിയെത്തിക്കാനുള്ള പാത തയാറാക്കുകയും ആനയെ ലോറിയിൽ കടത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.