പൊതുമരാമത്ത് മന്ത്രി അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ ജീപ്പില്‍; വിവാദം
text_fieldsകോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തിയശേഷം പൊതുമരാമത്ത് മന്ത്രി സ്വകാര്യ കരാറുകാരന്റെ വാഹനത്തിൽ സഞ്ചരിച്ച് സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചത് വിവാദത്തിൽ. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിൽ നടന്ന പരേഡിലാണ് കോഴിക്കോട്ടെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിൽ സഞ്ചരിച്ച് മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത്.
പതിവായി പൊലീസ് വാഹനത്തിലാണ് മന്ത്രിമാർ സേന വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുക എന്നിരിക്കെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കരാറുകാരന്റെ വാഹനം ഉപയോഗിച്ചതിലെ അനൗചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. ഇതോടെ സമൂഹ മാധ്യമങ്ങളിലടക്കം മന്ത്രിക്കെതിരെ വിമർശനം ശക്തമായി. കൈരളി കണ്‍സ്ട്രക്ഷൻസിന്റെ കെ.എൽ 10 ബി 1498 നമ്പർ മഹീന്ദ്രയുടെ തുറന്ന ജീപ്പിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.
പൊലീസിന്റെ പക്കൽ തുറന്ന ജീപ്പ് ഇല്ലാതിരുന്നതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്നാണ് സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ വിശദീകരണം. എ.ആര് ക്യാമ്പിലെ അസി. കമാന്‍ഡന്റിനാണ് ഇതിന്റെ ചുമതല. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് വാഹനം വിട്ടുനൽകിയത് എന്നാണ് കരാറുകാരൻ പറയുന്നത്. പൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം ഇല്ലെങ്കിലും മന്ത്രിതന്നെ അതൃപ്തി അറിയിച്ചതോടെ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
അതേസമയം, കരാറുകാരന്റെ ജീപ്പില്‍ കയറിയതിലെ വിവാദത്തെ തള്ളി മന്ത്രി മുഹമ്മദ് റിയാസ് തന്നെ രംഗത്തുവന്നു. വാഹനത്തിന്റെ ആർ.സി ബുക്കും ഉടമയുടെ പേരും ജോലിയും നോക്കാന്‍ മന്ത്രിക്കാവുമോയെന്ന് അദ്ദേഹം ചോദിച്ചു. പിടികിട്ടാപ്പുള്ളിയുടെ വാഹനമായാല്പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്. വിഷയത്തിൽ ജില്ല കലക്ടറോട് സംസാരിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്നാണ് കലക്ടർ പറഞ്ഞത്. ഇത് വിവാദമാക്കിയത് തന്റെ ചോര ആഗ്രഹിക്കുന്നവരാണെന്നും മന്ത്രി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.