പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കി; പാര്‍ട്ടിക്ക് അധികാരം എന്നത് ജനജീവിതം മെച്ചപ്പെടുത്താനുള്ള ഉപാധി മാത്രം -ജി. സുധാകരൻ
text_fieldsകോഴിക്കോട്: ഇടത് എം.എൽ.എ പി.വി അൻവറുമായി ബന്ധപ്പെട്ട വിവാദം ദോഷമുണ്ടാക്കിയെന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവായ ജി. സുധാകരൻ. ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും സുധാകരൻ വ്യക്തമാക്കി.
സി.പി.എമ്മിനെ അൻവർ ക്ഷീണിപ്പിച്ചെന്നോ തളര്‍ത്തിയെന്നോ പറയാനാവില്ല, പക്ഷേ, ദോഷമുണ്ടാക്കി. അന്‍വറിനെ തള്ളിപ്പറയാനില്ല. ഞാനാണെങ്കിൽ ഇക്കാര്യങ്ങൾ ഇങ്ങനെയായിരിക്കില്ല പറയുക. പാർട്ടി നിലപാട് അംഗീകരിക്കുകയാണെന്ന് അൻവർ പറഞ്ഞിട്ടുണ്ട്. പാർട്ടി വോട്ട് കൂടി നേടിയാണ് അദ്ദേഹം എം.എൽ.എയായത്. അൻവർ എൽ.ഡി.എഫിൽ തുടരണമെന്നാണ് ആഗ്രഹമെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.
സി.പി.എമ്മിന്‍റേത് പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. നിരവധി രക്തസാക്ഷികളുടെ ത്യാഗമാണ് ഈ പാര്‍ട്ടിയുടെ അടിത്തറ. പാര്‍ട്ടിക്ക് അധികാരം എന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഉപാധി മാത്രമാണ്. 1957ലെ ഇ.എം.എസ് മന്ത്രിസഭ തൊട്ടിങ്ങോട്ട് ഈ ദിശയിലുള്ള അനേകം നടപടികളുണ്ടായിട്ടുണ്ട്. ആശയപരമായി വ്യതിയാനമുണ്ടായപ്പോഴൊക്കെ പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ പ്രക്രിയകൾ ഉണ്ടായിട്ടുണ്ട്. എം.വി രാഘവന് പുറത്തു പോകേണ്ടി വന്നത് അങ്ങനെയാണ്.
സി.പി.എമ്മിനെ തിരുത്താന്‍ നോക്കുന്നത് ചരിത്രമറിഞ്ഞിട്ടായിരിക്കണം. ചിലര്‍ ആത്മകഥ എഴുതാന്‍ പോകുന്നുണ്ടെന്ന് കേട്ടതായും ഒരു പ്രാവശ്യം മന്ത്രിയായതു കൊണ്ടോ ഒന്നോ രണ്ടോ തവണ എം.എൽ.എയായതു കൊണ്ടോ ആത്മകഥ എഴുതിക്കളയാമെന്ന് ധരിക്കുന്നവരെ കുറിച്ച് ഒന്നും പറയാനില്ലെന്നും വാർത്താസൈറ്റിന് നൽകിയ അഭിമുഖത്തിൽ ജി. സുധാകരന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.