മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം എഫ്.ബി പേജിൽ നിന്ന് നീക്കിയതെന്തിനെന്ന ചോദ്യം ബാക്കി
text_fieldsപത്തനംതിട്ട: മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം വളച്ചൊടിച്ചെന്നു പറഞ്ഞ് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ സമൂഹ മാധ്യമത്തിൽ നിന്ന് പ്രസംഗം പിൻവലിച്ചതെന്തിനെന്ന ചോദ്യം ബാക്കി. പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണം കടുപ്പിച്ച് രംഗം കൊഴുപ്പിക്കുന്നതിനിടെ ഉണ്ടായ പുതിയ വിവാദത്തെ എങ്ങനെ പ്രതിരോധിക്കണമെന്നതിലെ ആശയക്കുഴപ്പം നേതാക്കളുടെ വാക്കുകളിലും പ്രകടമാണ്.
മന്ത്രിയുടെ പ്രസംഗത്തിലെ അപകടത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് ബോധ്യമുള്ളതുകൊണ്ടാണ് മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ എഫ്.ബി പേജിൽനിന്ന് ഞായറാഴ്ച വൈകീട്ട് നടത്തിയ പ്രസംഗത്തിന്‍റെ പൂർണ രൂപം നീക്കിയത്. പ്രസംഗത്തിലെ നിയമവിരുദ്ധതയിൽ വേദിയിൽ വെച്ചുതന്നെ ചില മുതിർന്നവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായാണ് വിവരം.
രണ്ട് എം.എൽ.എമാരും പാർട്ടി ജില്ല സെക്രട്ടറിയും ഇരിക്കുന്ന വേദിയിലാണ് മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത്. സാംസ്കാരിക മന്ത്രിയുടെ പ്രസംഗത്തിൽ ഭരണഘടനക്കും അത് എഴുതിയവർക്കുമെതിരെ മന്ത്രിയുടെ വാക്കുകൾ വളരെ കൃത്യവും വ്യക്തവുമാണ്. ഇതിനൊപ്പം രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന കാതലായ പ്രശ്നവും മന്ത്രി ഉയർത്തുന്നുണ്ട്. ഇതിൽ പിടിച്ചുതൂങ്ങി രക്ഷപ്പെടാനുള്ള മന്ത്രിയുടെ ശ്രമം ലക്ഷ്യം കാണുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ആലപ്പുഴ പാർട്ടിയിൽ വിഭാഗീയത ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പാർട്ടിയെ നിയന്ത്രിക്കുന്ന സജി ചെറിയാനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പാർട്ടി നേതൃത്വത്തിനും ഉണ്ടെന്നുവേണം കരുതാൻ. ജില്ലയിലെ വി.എസ് പക്ഷക്കാരെ ഒതുക്കാൻ ഉപയോഗിച്ച ജി. സുധാകരൻ ഒടുവിൽ പാർട്ടി നേതൃത്വത്തിന് അനഭിമതനായപ്പോൾ അദ്ദേഹത്തിനെതിരെ പാർട്ടി സജി ചെറിയാനെയാണ് ഉപയോഗിച്ചത്.
ഇതിന്‍റെ തുടർചലനങ്ങൾ ഇപ്പോഴും ജില്ലയിലുണ്ട്. പാർട്ടി സജി ചെറിയാനെ കൈവിട്ടാൽ എതിർപക്ഷം അവസരം മുതലാക്കും. ഒരു വശത്ത് മന്ത്രിയുടെ രാജിക്ക് മുറവിളി ഉയരുമ്പോൾ എം.എ. ബേബി അടക്കമുള്ളവർ നാക്കുപിഴയെന്നും മറ്റും പറഞ്ഞ് സജി ചെറിയാന് സംരക്ഷണകവചമൊരുക്കുന്നു. പാർട്ടിയുടെ സൈബർ പോരാളികളും സജി ചെറിയാനുവേണ്ടി സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം
'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരൻമാരായത്.
മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു.
ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.