മഴ കുറഞ്ഞു; ഇന്ന് എവിടെയും റെഡ് അലർട്ടില്ല
text_fieldsസംസ്ഥാനത്തെ പ്രളയഭീതിയിലാക്കി പെയ്തിറങ്ങിയ മഴ കുറഞ്ഞു. ഇന്ന് എവിടെയും റെഡ് അലർട്ടില്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. പെരിങ്ങൽകുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നു. പരിഭ്രാന്തി വേണ്ടെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു.
കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണുള്ളത്. എങ്കിലും ജാഗ്രതാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.
ചിമ്മിനി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. മലമ്പുഴ ഡാം ഇന്ന് രാവിലെ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മഴ കുറഞ്ഞ സാഹചര്യത്തിൽ ഉടനെ തുറക്കില്ല. മുല്ലപ്പെരിയാർ ഇന്ന് തുറന്നേക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി പിന്നിട്ടിട്ടുണ്ട്. കൊല്ലം തെന്മല ഡാം രാവിലെ 11ന് ഉയർത്തും. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശമുണ്ട്.
എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശൂർ, പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.