മഴ തുണച്ചു; വൈദ്യുതി ഉൽപാദനത്തിൽ വൻ വർധന
text_fieldsപാലക്കാട്: നഷ്ടക്കണക്കുകൾക്കിടയിൽ കെ.എസ്.ഇ.ബിക്ക് 2000 മില്യൺ യൂനിറ്റിന്റെ (എം.യു) വൈദ്യുതോൽപാദന വർധന. അധിക മഴ കിട്ടിയതിനാലാണ് 2022-23 ൽ ഉൽപാദനം കൂട്ടാനായതെന്ന് റഗുലേറ്ററി കമീഷൻ അംഗീകാരത്തിനായി സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022-23 ൽ കെ.എസ്.ഇ.ബി പ്രതീക്ഷിത ഉൽപാദനമായി റഗുലേറ്ററി കമീഷന് മുമ്പിൽ വെച്ചത് 6527.50 മില്യൺ യൂനിറ്റായിരുന്നു.
എന്നാൽ, കാലയളവ് പൂർത്തിയായപ്പോൾ 8636.520 എം.യു ജലവൈദ്യുതി ഉൽപാദിപ്പിക്കാനായി. ഇതിൽ ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് സബ്സ്റ്റേഷനിൽ നിന്ന് 3262 എം.യു ഉൽപാദനവും ശബരിഗിരിയിൽ നിന്ന് 1536.42 എം.യു ഉൽപാദനവുമുണ്ടായി.
പ്രതീക്ഷിത വരവ്-ചെലവ് കണക്കുകൾ കാണിച്ച് റഗുലേറ്ററി കമീഷന് മുമ്പിൽ അവതരിപ്പിച്ച കണക്കുകളും യഥാർഥ വരവ്-ചെലവുകളും അവതരിപ്പിച്ചുള്ള റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഇതിൽ 2022-23ൽ കെ.എസ്.ഇ.ബിക്ക് 1819.41 കോടി രൂപ നഷ്ടമുണ്ടായതായും വിശദീകരിക്കുന്നു. പ്രതീക്ഷിത ചെലവായ 16038 .87 കോടി രൂപയിൽ നിന്ന് യഥാർഥ ചെലവ് 17657 കോടിയായി ഉയർന്നു. ഇത് നികത്താൻ താരിഫ് വർധിപ്പിച്ചോ മറ്റോ നഷ്ടക്കണക്ക് വകയിരുത്തി കിട്ടാനുള്ള നടപടികളാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
അതേസമയം, ഹൈകോടതി സ്റ്റേയുണ്ടായിട്ടും പെൻഷൻ ഫണ്ടിലേക്കുള്ള തിരിച്ചടവ് തുകയായ 407 കോടി ചെലവിനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തുക കമീഷൻ വകയിരുത്താൻ സാധ്യതയില്ല. അങ്ങനെയായാൽ നഷ്ടക്കണക്കിൽ 407 കോടിയുടെ കുറവുണ്ടായേക്കും. മാത്രമല്ല, ഈ തുക കെ.എസ്.ഇ.ബിയുടെ മറ്റ് വരുമാനത്തിൽ നിന്ന് എടുത്തുനൽകേണ്ടി വന്നേക്കുമെന്നും ആശങ്കയുണ്ട്.
കഴിഞ്ഞ ജൂൺ മുതൽ താരിഫ് വർധനയുണ്ടായിട്ടും കെ.എസ്.ഇ.ബി നഷ്ടം കുറഞ്ഞിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, വിവാദ പവർ പർച്ചേസുമായുണ്ടായ നഷ്ടക്കണക്കുകൾ കെ.എസ്.ഇ.ബി എടുത്ത് പറഞ്ഞിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.