യഥാർഥ മാലാഖമാർ ഇവിടെയുണ്ട്....
text_fieldsവെള്ളൂർ: ആതുരസേവനമേഖലയിലെ ഒഴിച്ചുനിർത്താനാവാത്ത അഭിവാജ്യ ഘടകമാണ് നഴ്സുമാർ. ആരോഗ്യപ്രതിരോധത്തിനും രോഗിപരിചരണത്തിനും മുൻപന്തിയിലാണ്ടാകും ഈ വിഭാഗം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ ശ്രദ്ധിക്കുന്നതിനായി പരിശ്രമിക്കുന്ന ഒരുകൂട്ടം നഴ്സുമാരാണ് യഥാർഥത്തിൽ കൈയടി അർഹിക്കുന്നവർ.
അത്തരത്തിൽ ഏറെ വ്യത്യസ്തതയും കഠിനപ്രയത്നവുമുള്ള കുറച്ച് ആരോഗ്യപ്രവർത്തകരുമാണ് വെള്ളൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അമ്മയും കുഞ്ഞും വിഭാഗത്തിലെ ഈ നഴ്സുമാർ. മെഡിക്കൽ ഓഫിസറായ ഡോ. ശാന്തിയുടെ നേതൃത്വത്തിലാണ് പബ്ലിക് ഹെൽത് നേഴ്സ് ഷൈലജ ബീവി, ജൂനിയർ പി.എച്ച്.എൻ സ്വപ്ന, സ്മിത, ലുലു, പാലിയേറ്റീവ് നഴ്സ് ജോമോൾ തുടങ്ങിയവരുടെ കൂട്ടായപ്രവർത്തനം.
ആശുപത്രികളെ അപേക്ഷിച്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പ്രധാനമായും ഗ്രാമീണമേഖലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഡോക്ടർമാരോട് പറയാൻ സാധിക്കാത്ത പല ബുദ്ധിമുട്ടുകളും ഇവരോട് പങ്കുവെക്കാൻ സാധിക്കും. വീടുവീടാന്തരം സന്ദർശിച്ച് രോഗീപരിചണവും വീടികളുടെ പരിസരം വൃത്തിയാണെന്ന് ഉറപ്പാക്കുക തുടങ്ങി പെൺകുട്ടികൾക്കായുള്ള ഹെൽത്ത് കൗൺസിലിങ്,
കൗമാരക്കാരായ സ്ത്രീകളുടെയും, ഗർഭിണികളുടെയും, നവജാതശിശുവിന്‍റെയും അമ്മയുടെയും ആരോഗ്യപരിചരണം, കുത്തിവെപ്പ് വരെ ഇവരാണ് ശ്രദ്ധിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും കുഞ്ഞുങ്ങൾക്കായുള്ള കുത്തിവെപ്പിനായി ഇവരെ സമീപിക്കാം. സ്വകാര്യ ആശുപത്രികളിൽ ഫീസ് ഈടാക്കി നൽകുന്ന കുത്തിവെപ്പ് ഇവിടെ സൗജന്യമായി നൽകും. വീടുകളിൽ സ്ഥിരസന്ദർശനം നടത്തുന്ന ഇവരെ വീട്ടുകാർ കാത്തിരിക്കുന്ന അതിഥിയെപോലാണ് സ്വീകരിക്കുന്നത്.
2018ലെ പ്രളയത്തിലും കോവിഡ് മഹാമാരിയുടെയും സമയത്ത് സ്തുതിഹ്യമായ സേവനം ഇവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ അടച്ചുപൂട്ടൽ നേരിട്ടപ്പോൾ അവധിപോലും ലഭിക്കാതെ കോവിഡ് മുൻനിരപോരാളികളായി പ്രവർത്തിച്ചിരുന്നു. കോവിഡ് ബാധിതരായവരെ സുരക്ഷിതമേഖലകളിലേക്ക് മാറ്റുക, ക്വാറന്‍റയ്ൻ ഇരിക്കുന്നവരുടെ കണക്കും അവരുടെ സാഹചര്യവും അപ്ഡേറ്റ് ചെയ്യുക, സമ്പർക്കപ്പട്ടിക തയാറാക്കുക തുടങ്ങി നിരവധി സേവനങ്ങളിൽ വ്യാപൃതരായിട്ടുണ്ട്. രാത്രിസമയങ്ങളിൽപോലും പരിചരണം വേണ്ട രോഗികൾ വിളിച്ചാൽ അവർക്ക് സേവനം നൽകാൻ മടിച്ചിട്ടില്ല. വാക്സിനേഷൻ സാഹചര്യത്തിൽ കോട്ടയത്ത്നിന്നും വാക്സിൻ വെള്ളൂർ ആശുപത്രിയിലേക്ക് എത്തിക്കാൻ നേരിട്ടിറങ്ങിയത് ഇവരുടെ നേതൃത്വത്തിലാണ്.
നേഴ്സ്ദിനം ആചരിക്കുന്ന സമയത്തും അത് ഒഴിവാക്കി സ്വന്തം അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണിവർ. അർഹമായ സ്ഥാനക്കയറ്റം നൽകുക, കൂടുതൽ നിയമനങ്ങൾ നടത്തുക തുടങ്ങി വ്യത്യസ്ത ആവശ്യങ്ങളുന്നയിച്ച് തലസ്ഥാനത്ത് നേഴ്സുമാർ നടത്തുന്ന രാപ്പകൽ സമരത്തിൽ ഐക്യധാർഢ്യം പ്രഖ്യാപിച്ചാണിവർ ഇത്തവണത്തെ നേഴ്സ് ദിനം ആചരിക്കാതെ സേവനങ്ങളിൽ വ്യാപൃതരായിരിക്കുന്നത്.
മാനസികബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. പക്ഷേ അതിനെ തരണംചെയ്ത് സേവനമേഖലയിൽ തുടരാൻ കാരണം ഇതിൽനിന്നുള്ള സംതൃപ്തിയാണെന്ന് ഇവിടുത്തെ മാലാഖമാർ ഒരേസ്വരത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.