ഗുണ്ടാസംഘങ്ങൾ വീണ്ടും സജീവമായതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ വീണ്ടും സജീവമായത് റോഡ് വികസനത്തിനുള്ള ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടെന്ന് പൊലീസ് റിപ്പോർട്ട്. പല ജില്ലയിലും റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.
ഏറ്റെടുക്കുന്ന ഭൂമിക്ക് നല്ലവില ലഭിക്കുന്ന സാഹചര്യത്തിൽ അതിനുമുമ്പ് ഭൂമി വാങ്ങിക്കൂട്ടാനും അവിടങ്ങളിലെ കെട്ടിടാവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ച് സ്ഥലം നികത്തുന്നതുൾപ്പെടെ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘങ്ങളുടെ നീക്കം.
റിയൽ എസ്റ്റേറ്റ് മേഖലയിലും ഗുണ്ടാസംഘങ്ങൾ സജീവമാണ്. ഭീഷണിപ്പെടുത്തി പലരേയും കുടിയൊഴിപ്പിക്കാൻ റിയൽ എസ്റ്റേറ്റ് മാഫിയ ഇവരെ ഉപയോഗിക്കുന്നു.
തലസ്ഥാനത്ത് മാത്രമല്ല പല ജില്ലയിലും ഇത്തരം സംഘങ്ങൾ സജീവമാണെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം പാറ്റൂരിലെ ആക്രമണത്തിൽ ഉൾപ്പെട്ട സംഘങ്ങൾ ഉൾപ്പെടെ ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമായത് റിയല്‍ എസ്റ്റേറ്റ് കച്ചവടം പിടിക്കാനെന്നാണ് വ്യക്തമായത്. ഇത്തരം സംഘങ്ങൾക്ക് പൊലീസിൽ ഒരുവിഭാഗത്തിന്റെ പിന്തുണയുമുണ്ട്.
കഴിഞ്ഞദിവസം തലസ്ഥാനത്തെ എസ്.ഐയെ സസ്പെൻഡ് ചെയ്തത് ഗുണ്ടാസംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനാണ്. തിരുവനന്തപുരത്ത് നടപ്പാക്കാൻ പോകുന്ന ‘ഔട്ടര്‍ റിങ് റോഡ്’ പദ്ധതിയുടെ മറവിൽ റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവർ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ച്ചയായി ജില്ലയിലെ റോഡ് ഗതാഗതം ഉള്‍പ്പെടെ വികസിപ്പിക്കാനുള്ള പദ്ധതിയാണ് ‘ഔട്ടര്‍ റിങ് റോഡ്’. ഇതിന്റെ മറവിലെ കച്ചവടവും കുടിപ്പകയുമാണ് ഗുണ്ടാസംഘങ്ങള്‍ വീണ്ടും തലപൊക്കാന്‍ കാരണമത്രെ.
ബിനാമി പേരില്‍ ഇവിടങ്ങളിലെ ഭൂമി വാങ്ങിക്കൂട്ടി മറിച്ചുവിറ്റും ഭൂമി വാങ്ങാനും വില്ക്കാനുമെത്തുന്നവരെ ഭീഷണിപ്പെടുത്തി ഇടനിലക്കാരായും കോടികള്‍ സമ്പാദിക്കുകയായിരുന്നു ഗുണ്ടാനേതാക്കളുടെ ലക്ഷ്യം. കൂടുതൽ ഗുണ്ടാസംഘങ്ങൾ ഇടപാടുകൾക്ക് രംഗത്തെത്തിയതാണ് തിരുവനന്തപുരത്തെ പ്രശ്നങ്ങൾക്ക് കാരണം.
ഗുണ്ടാസംഘങ്ങളിലേക്ക് ആളുകളെ എത്തിക്കാനുള്ള തന്ത്രങ്ങളും നടക്കുകയാണ്. ഡി.ജെ പാര്‍ട്ടികൾ നടത്തിയും വിദ്യാർഥികളെ ഉൾപ്പെടെ യുവാക്കളെ ഗുണ്ടാസംഘങ്ങളിലേക്ക് ആകർഷിക്കുന്നു. മയക്കുമരുന്ന് കച്ചവടത്തിലും ഇവർ സജീവമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.