ഹജ്ജ്: വിദഗ്ധ സമിതി നിർദേശങ്ങൾ നടപ്പായില്ല
text_fieldsമലപ്പുറം: ഇന്ത്യയിൽനിന്ന് ഹജ്ജ് യാത്രനിരക്ക് കുറക്കുന്നതിനായി വിദഗ്ധ സമിതി നിർദേശിച്ച കാര്യങ്ങളൊന്നും നടപ്പായില്ല. 2018ൽ അഫ്സൽ അമാനുല്ല കൺവീനറായി ഹജ്ജ് നയം തയാറാക്കുന്നതിനായി രൂപവത്കരിച്ച സമിതിയാണ് ഹജ്ജ് യാത്രനിരക്ക് കുറക്കുന്നതിനായി നിർദേശങ്ങൾ കേന്ദ്രസർക്കാറിന് മുന്നിൽവെച്ചത്.
ഹജ്ജ് യാത്രക്ക് കപ്പൽ സർവിസ് നടത്തുക, വിമാനം കാലിയായി മടങ്ങുന്ന സമയത്ത് കാർഗോക്കായി ഉപയോഗിക്കുക എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. ടിക്കറ്റ് നിരക്കിന് കേന്ദ്രം നൽകിയിരുന്ന സബ്സിഡി നിർത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു നിർദേശങ്ങൾ സമർപ്പിച്ചത്. കൂടാതെ, ഹജ്ജ് സർവിസിനായി ആഗോള ടെൻഡർ വിളിക്കണമെന്നാവശ്യവും മേഖലയിലുള്ളവർ കാലങ്ങളായി ഉയർത്തുന്നതാണ്. ഇവയും നടപ്പായിട്ടില്ല.
കപ്പൽ സർവിസ്
കപ്പൽ സർവിസിനായി 2018 മേയിൽ കേന്ദ്രം നടപടി ആരംഭിച്ചിരുന്നു. സൗദി ഇതിന് അനുമതി നൽകുകയും ചെയ്തു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുംബൈയിൽനിന്ന് ജിദ്ദയിലേക്ക് കപ്പൽ സർവിസ് നടത്തുന്നതിനാണ് കപ്പൽ കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചത്.
ഒറ്റയാത്രയിൽ 4,000 മുതൽ 5,000 വരെ യാത്രക്കാരെ കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ, കമ്പനികളിൽനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. യാത്രക്കാരുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ പിൻവലിഞ്ഞത്. നേരത്തെ, ഇന്ത്യയിൽനിന്ന് ഹജ്ജിന് കപ്പൽ സർവിസുണ്ടായിരുന്നെങ്കിലും 1994ൽ നിർത്തുകയായിരുന്നു.
ചരക്ക് നീക്കം
ഒരു വിമാനത്താവളത്തിൽനിന്ന് ഹജ്ജ് സർവിസിന് ടെൻഡർ എടുക്കുന്ന കമ്പനി നാല് സർവിസുകളാണ് നടത്തേണ്ടത്. ഇതിൽ രണ്ടെണ്ണം കാലിയായാണ് നടക്കുക. ഇതാണ് നിരക്ക് വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നിരക്ക് കുറക്കാൻ, കാലിയായി സർവിസ് നടത്തുന്ന വിമാനം ചരക്കുനീക്കത്തിനായി ഉപയോഗപ്പെടുത്തണമെന്നായിരുന്നു നിർദേശം.
ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയവും ന്യൂനപക്ഷ മന്ത്രാലയവും നടപടി സ്വീകരിക്കണമെന്നാണ് നിർദേശിച്ചത്. ഇതിനായി നയതന്ത്രതലത്തിൽ ഇടപെടലുകൾ നടക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, നടപടികളുണ്ടായില്ല.
ആഗോള ടെൻഡർ
നിലവിൽ ഹജ്ജ് സർവിസിനുള്ള ടെൻഡറിൽ ഇന്ത്യയിലെയും സൗദിയിലെയും കമ്പനികൾക്ക് മാത്രമാണ് പങ്കെടുക്കാനാകുക. ഇതിന് പകരം ആഗോള ടെൻഡർ വിളിക്കുക എന്ന ആവശ്യം കഴിഞ്ഞ കുറെ വർഷങ്ങളായി ഉയരുന്നുണ്ട്. ഇതിനും ഉഭയകക്ഷി തലത്തിൽ ചർച്ച നടക്കുകയും സമ്മർദം ചെലുത്തുകയും വേണം. ഇപ്പോൾ പകുതി സീറ്റുകളിൽ ഇന്ത്യൻ കമ്പനികളും ബാക്കി സീറ്റുകളിൽ സൗദി കമ്പനികളുമാണ് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.