ക്വട്ടേഷൻ പ്രതികളുമായി ബന്ധമില്ലെന്ന് റെഡ് ആർമി; പാർട്ടിക്കും ഇടതുനേതാക്കൾക്കും എതിരായ ആക്രമണത്തെ തടയും
text_fieldsകണ്ണൂർ: ക്വട്ടേഷൻ സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ലെന്ന് റെഡ് ആർമി ഫേസ്ബുക്ക് പേജ്. ഏതെങ്കിലും ക്വട്ടേഷൻ സംഘങ്ങളുമായോ സ്വർണക്കടത്ത് കേസ് പ്രതികളുമായോ പേജിന് ഒരു ബന്ധവുമില്ലെന്നും ഒരു രാഷ്ട്രീയ നേതാക്കളുടെയും മക്കളല്ല പേജിന്റെ അഡ്മിന്മാരെന്നും വിശദീകരിച്ചുള്ള കുറിപ്പ് ശനിയാഴ്ചയാണ് പോസ്റ്റ് ചെയ്തത്.
സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡന്റുമായ മനു തോമസ് പാർട്ടിയുമായി അകന്ന ശേഷം റെഡ് ആർമി ഫേസ്ബുക്ക് പേജിനെതിരെ രംഗത്തെത്തിയിരുന്നു. ക്വട്ടേഷൻ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്നും റെഡ് ആർമി ഫേസ്ബുക്ക് പേജിനു പിന്നിൽ പി. ജയരാജന്റെ മകൻ ജയിൻ പി. രാജാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്വട്ടേഷൻ-സ്വർണക്കടത്ത് മാഫിയയെ ഈ പേജുമായി കൂട്ടിക്കെട്ടാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നുണ്ട്. തമ്മിലടിപ്പിച്ച് ചോര കുടിക്കാനാണ് ‘മാപ്ര’കളുടെ പരിപാടി. എത്രതന്നെ ശ്രമം നടത്തിയാലും അതെല്ലാം വിഫലമാവുകയേയുള്ളൂ. ഏകപക്ഷീയമായി പാർട്ടിയെയും ഇടതുപക്ഷ നേതാക്കൾക്കെതിരെയുമുള്ള ഏതൊരു ആക്രമണത്തെയും തടയാൻ ഈ പേജ് മുന്നിലുണ്ടാവും. സഖാക്കൾ കൂടെയുണ്ടാകണം -റെഡ് ആർമി അഡ്മിൻസ് എന്ന പേരിൽ വന്ന പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.