15 വർഷം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി
text_fieldsആലപ്പുഴ: മാന്നാറിൽനിന്ന് 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊലപ്പെടുത്തി വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തള്ളിയതായി സംശയം. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ മൃതദേഹാവശിഷ്ടമെന്ന് കരുതുന്ന ചില വസ്തുക്കൾ പൊലീസിന് ലഭിച്ചു. ശ്രീകലയുടേത് കൊലപാതകമെന്ന് സ്ഥിരീകരിക്കാനാവുന്ന തെളിവുകൾ ലഭിച്ചെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാം വാർഡിൽ ഐക്കരമുക്കിനുസമീപം മുക്കത്ത് പായിക്കാട്ട് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയെയാണ് (കല -27) കാണാതായത്. ശ്രീകലയെ കൊന്ന് തള്ളിയെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ മൂന്ന് സെപ്റ്റിക് ടാങ്കും പരിശോധിച്ചാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇത് ശാസ്ത്രീയ പരിശോധനക്കുശേഷമേ ശ്രീകലയുടേതാണോയെന്ന് ഉറപ്പിക്കാൻ കഴിയൂ. പൊലീസിന് ലഭിച്ച ഊമക്കത്താണ് കേസിൽ നിർണായകമായത്. കലയുടെ ഭര്‍ത്താവ് അനിൽകുമാറിന്‍റെ ബന്ധുക്കളടക്കം അഞ്ച്പേരെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സോമരാജൻ, സന്തോഷ്, ജിനുരാജൻ, പ്രമോദ്, സുരേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അനിൽകുമാറാണ് പ്രധാന പ്രതിയെന്നാണ് വിവരം. ഇയാളും കൂട്ടാളികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് പിടിയിലായവർ മൊഴി നൽകിയിട്ടുള്ളത്.
ഇസ്രായേലിൽ ജോലി ചെയ്യുന്ന അനിൽകുമാറിനെ നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്ലസ് വൺ വിദ്യാർഥിയായ ഗൗതം അനിൽ (കണ്ണൻ) ആണ് ശ്രീകലയുടെ മകൻ. സഹോദരങ്ങൾ: അനിൽകുമാർ, കലാധരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.