മഅദനിക്കെതിരെ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം; ആർ.വി ബാബുവിനെതിരെ കേസെടുത്തു
text_fieldsഹരിപ്പാട്: പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മദനിക്കെതിരെ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ. വി. ബാബുവിനെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. പി.ഡി.പി. ജില്ലാ പ്രസിഡന്റ് എൻ. അനിൽകുമാർ നൽകിയ സ്വകാര്യ അന്യായത്തിന്മേൽ ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും പ്രകാരമാണ് ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാനിയമം 154 എ, 500 വകുപ്പുകൾ പ്രകാരം വർഗീയപരമായ വിദ്വേഷം ഉണ്ടാക്കുക, അപകീർത്തിപ്പെടുത്തുക എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.
ഹിന്ദു സ്ത്രീകളുടെ ഗർഭപാത്രത്തിൽ മുസ്ലിം ബീജം എത്തിക്കണം എന്ന് മഅദനി പ്രസംഗിച്ചു എന്നും അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത രണ്ടോളം കേസുകൾ സർക്കാർ എഴുതി തള്ളി എന്നും ബാബു ചാനൽ ചർച്ചയിൽ പറഞ്ഞതായി ഹരജിയിൽ ചൂണ്ടിക്കാട്ടി. കൂടാതെ പൂന്തുറ കലാപത്തിന് ഇടയാക്കിയത് മഅദനിയുടെ പ്രസംഗമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ ഉണ്ടെന്ന് ആർ.വി. ബാബു ചർച്ചയിൽ പറഞ്ഞതായും ഹരജിൽ ഉണ്ട് .
രണ്ട് ആരോപണങ്ങളും യാതൊരടിസ്ഥാനവുമില്ലാതെ മഅദനിയുടെ പേരിൽ കളവും കൃത്രിമമായി ചമയിച്ച് അവതരിപ്പിച്ചിട്ടുള്ളതാണെന്നും മഅ്ദനിയുടെ പേരിൽ അപ്രകാരം ഒരു കേസ് പോലും എടുത്തിട്ടില്ലാത്തതും, പൂന്തുറ കലാപ അന്വേഷണറിപ്പോർട്ടിൽ മഅദനിയുടെ പേര് പരാമർശിച്ചിട്ടില്ലത്തതും രേഖകളിൽ വ്യക്തമാണെന്നായിരുന്നു ഹരജിയിൽ പറഞ്ഞത്. ഹരജിക്കാരന് വേണ്ടി പിഡിപി വൈസ് ചെയർമാൻ അഡ്വ മുട്ടം നാസർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.