കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും തടയുന്നതിലും വനംവകുപ്പ് പരാജയമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും തടയുന്നതിലും വനംവകുപ്പ് പരാജയമെന്ന് സി.എ.ജി റിപ്പോർട്ട്. അതിനാൽ വനങ്ങളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചു. അത് വന്യജീവികളുടെ ആവാസവ്യവസ്ഥ കുറച്ചു. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്തു.
കൈയേറ്റങ്ങൾ തടയുന്നതിനും വനാതിർത്തികൾ തിരിച്ചറിയുന്നതിനും വഴിയടയാളങ്ങളും ജണ്ടകളും ഉപയോഗിച്ച് അതിർത്തി നിർണയിക്കുന്നത് വനംവകുപ്പാണ്. കല്ലുകൾ, മണ്ണ്, സിമൻറ് മുതലായവയുടെ ഒരു കൂമ്പാരം. കാടിന്റെ അതിരുകൾ അടയാളപ്പെടുത്തുന്നതിനായി പിരമിഡിന്റെ ഒരു ഭാഗത്തിന്റെ ആക്യതിയിലാണ് ജണ്ടകൾ നിർമിച്ചിരിക്കുന്നത്.
2021 മാർച്ച് 31 വരെയുള്ള കേരള ഫോറസ്‌റ്റ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് കണക്കുകൾ പ്രകാരം, പറമ്പിക്കുളം ടൈഗർ റിസർവ് ഒഴികെ, തിരഞ്ഞെടുത്ത 10 ഡിവിഷനുകളിൽ 1,605. 30 ഹെക്ടർ പ്രദേശം കൈയേറിയിരുന്നു. മലയാറ്റൂർ (28.50 ഹെക്ടർ), വയനാട് (354 ഹെക്ടർ) എന്നീ വന്യജീവി ഡിവിഷനുകളിലെ കൈയേറ്റങ്ങൾ ഉൾപ്പെടാത്തതിനാൽ ഇതിൽ 382.50 ഹെക്ടർ കുറച്ചാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
2018 മുതൽ 2021 വരെയുള്ള കാലയളവിൽ, തെരഞ്ഞെടുത്ത ഏഴ് ഡിവിഷനുകളിലായി കൈയേറ്റത്തിൽ 476.32 ഹെക്ടറിന്റെ വർധനവുണ്ടായി. തിരുവനന്തപുരം (0.59 ഹെക്ടർ), റാന്നി (0.61 ഹെക്ടർ), മലയാറ്റൂർ (28.87 ഹെക്ടർ), വയനാട് സൗത്ത് (40.60 ഹെക്ടർ), കണ്ണൂർ (39.04 ഹെക്ടർ), പെരിയാർ ഈസ്‌റ്റ് (4.38 ഹെക്ടർ), വയനാട് വന്യജീവി (354.63 ഹെക്ടർ) എന്നിങ്ങനെയാണ്. ഇത് കൈയേറ്റത്തിൻറെ വിസ്‌തൃതി വർധിക്കുന്നതായും യഥാർഥ വ്യാപ്തി റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതലായിരിക്കാമെന്നും സൂചിപ്പിക്കുന്നു.
തെരഞ്ഞെടുത്ത 11 ഡിവിഷനുകൾക്ക് (എട്ട് ടെറിട്ടോറിയൽ ഡിവിഷനുകളും മൂന്ന് വന്യജീവി ഡിവിഷനുകളും) കീഴിൽ വരുന്ന മൊത്തം 4537.752 ചതുരശ്ര കിലോമീറ്റർ വനവിസ്തൃതിയിൽ 54.134 ചതുരശ്ര കിലോമീറ്റർ സംബന്ധിച്ച് വിജ്ഞാപനം വരാനുണ്ട്. 3866.43 കിലോമീറ്റർ നീളമുള്ള വനാതിർത്തിയിൽ 2021 മാർച്ച് 31 വരെ 513.13 കിലോമീറ്റർ (13.27 ശതമാനം) അതിർത്തി നിർണയം തീർപ്പുകൽപ്പിച്ചിട്ടില്ല. മലയാറ്റൂർ ഡിവിഷനിൽ, ജണ്ടകൾ ഉപയോഗിച്ച് വനാതിർത്തി നിശ്ചയിക്കുന്നതിലെ കാലതാമസം കാരണം, 1980-ൽ കൃഷി വകുപ്പിൽ നിന്ന് വനം വകുപ്പ് ഏറ്റെടുത്ത 52.48 ഹെക്ടറിൽ, 28.50 ഹെക്ടർ ഭൂമി കൈയേറി.
വനാതിർത്തികളുടെ നിർണയം സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും കൈയേറ്റങ്ങൾ തടയുന്നതിലും വനംവകുപ്പിന് വീഴചയുണ്ടായി. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥയുടെ വിഘടനത്തിനും തകർച്ചക്കും കാരണായി. അതുവഴി മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ വർധിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.