സൈന്യം ബാബുവിനെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്
text_fieldsപാലക്കാട്: മാനംമുട്ടും മലയിടുക്കിനെ ജീവന്റെ തുരുത്താക്കി രണ്ടു പകലിരവുകൾ പാറക്കല്ലുപോലെ നിന്ന അവന്റെ കൈകളിൽ സൈനികൻ ബാലയുടെ കൈ തൊട്ടപ്പോൾ കേരളം ഉറക്കെ വിളിച്ചു...ജയ് ജവാൻ.
ഇന്ത്യൻ സേനയുടെ ആ രക്ഷാകരങ്ങളിൽ മുറുകെപ്പിടിച്ച് ബാബു ജീവിതത്തിലേക്ക് തിരിച്ചു കയറി. ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച രക്ഷാദൗത്യത്തിനൊടുവിൽ മലമുകളിലെത്തിയപ്പോൾ സേനാംഗങ്ങൾക്ക് മുത്തം നൽകി ആ ചെറുപ്പക്കാരൻ ജീവനു നന്ദി പറഞ്ഞു. പിന്നീട് വ്യോമസേന ഹെലികോപ്ടറിൽ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ ചേറാട് സ്വദേശി ആർ. ബാബുവിനു (23) വേണ്ടി രണ്ടു ദിവസമായി കേരളമാകെ പ്രാർഥനയിലായിരുന്നു. വനം, പൊലീസ്, അഗ്നിരക്ഷസേന, ദേശീയ ദുരന്തനിവാരണ സേന, തീരസംരക്ഷണ സേന തുടങ്ങിയവര്‍ നിര്‍ത്തിയിടത്തുനിന്ന് കരസേന രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ഊട്ടിയില്‍നിന്നും ബംഗളൂരുവില്‍നിന്നും എത്തിയ കരസേനയുടെ രണ്ട് സംഘങ്ങള്‍ ചൊവ്വാഴ്ച രാത്രിതന്നെ ദൗത്യം തുടങ്ങി. മലയുടെ മുകളിലെത്തിയ സംഘവും താഴ്വരയിലെത്തിയ മറ്റൊരു സംഘവും നേരംപുലരാന്‍ കാത്തുനിന്നു. വെളിച്ചം വീണതും ഒരു സംഘം മുകളിലേക്കും മറ്റൊരു സംഘം താഴേക്കും വടംകെട്ടി നീങ്ങി. താഴേക്കിറങ്ങിയ സൈനികരിലൊരാൾ ആദ്യം അടുത്തെത്തി ബാബുവിന് വെള്ളം നൽകി. ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം ബാബുവിനെ സുരക്ഷ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ചു.
തുടർന്ന് ബാല എന്ന സൈനികൻ സുരക്ഷ ബെൽറ്റ് ഉപയോഗിച്ച് ബാബുവിനെ സ്വന്തം ശരീരത്തിൽ ബന്ധിപ്പിച്ചാണ് മുകളിലേക്ക് കയറ്റിയത്. മുകളിലുള്ള സംഘം വടം വലിച്ച് തുടങ്ങിയതോടെ സൈനികനൊപ്പം ബാബുവും മുകളിലേക്ക് ഉയർന്നുതുടങ്ങി. അപ്പോഴേക്കും സഹായത്തിനായി മറ്റൊരു സൈനികനും ഒപ്പംചേര്‍ന്നു. ഇടവേളകളില്‍ ചെറിയ വിശ്രമം നല്കി രണ്ടേകാൽ മണിക്കൂറുകൊണ്ടാണ് മുകളിലെത്തിയത്. സൈന്യവും എൻ.ഡി.ആർ.എഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ ബുധനാഴ്ച രാവിലെ 10.20ഓടെ ബാബു മലമുകളിലെത്തി. സൈന്യം ദൗത്യം വിജയിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചപ്പോൾ ബാബു സേനാംഗങ്ങളെ കെട്ടിപ്പിടിച്ച് ചുംബിച്ചു. തുടർന്ന് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു.
ശേഷം സുലൂരില്നിന്നെത്തിയ വ്യോമസേന ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സക്കുശേഷം കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയക്കുമെന്നും അധികൃതർ പറഞ്ഞു.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല് വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. റഷീദയുടെ മൂത്ത മകനാണ് 24കാരനായ ബാബു. പത്രവിതരണക്കാരനായ ഇദ്ദേഹം മലമ്പുഴയിൽ ഒരു ഹോട്ടലിലും ജോലി ചെയ്യുന്നുണ്ട്. ട്രക്കിങ്ങിനാണ് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ച കൂമ്പാച്ചി മല കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.