അരിക്കൊമ്പൻ മുങ്ങി; ദൗത്യം ഇന്ന് തുടരും
text_fieldsമൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ ഭീതി പടർത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യ സംഘത്തിന്റെ ആദ്യ ശ്രമം വിജയിച്ചില്ല. 150 അംഗങ്ങളടങ്ങുന്ന ദൗത്യസേന പല സംഘങ്ങളായി സർവ സന്നാഹങ്ങളോടെ കൊമ്പനെ കുടുക്കാൻ വെള്ളിയാഴ്ച പുലർച്ചതന്നെ രംഗത്തിറങ്ങിയെങ്കിലും ഒമ്പത് മണിക്കൂർ തിരഞ്ഞിട്ടും ആനയെ കണ്ടെത്താനായില്ല. തുടർന്ന് ഉച്ചക്ക് ഒരുമണിയോടെ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ, വൈകീട്ട് ആറോടെ ശങ്കര പാണ്ഡ്യമേട്ടിൽ ആനയെ കണ്ടെത്തി. ദൗത്യം ശനിയാഴ്ച പുലർച്ച വീണ്ടും തുടരും.
ദൗത്യത്തിന്റെ ബേസ് ക്യാമ്പായ ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ പുലർച്ച 4.30ന് തന്നെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം സജ്ജമായി. വിവിധ സംഘങ്ങളായി തിരിഞ്ഞ് അഞ്ചേകാലോടെയാണ് ഇവർ അരിക്കൊമ്പനെ തിരഞ്ഞിറങ്ങിയത്. സിമന്റ് പാലത്തിന് സമീപം വേട്ടുവൻതേര് എന്ന പ്രദേശത്തെ യൂക്കാലിത്തോട്ടത്തിൽ ആന ഉണ്ടെന്ന് സൂചന കിട്ടിയതോടെ ദൗത്യസംഘം ഈ പ്രദേശം വളഞ്ഞു. എന്നാൽ, കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പത് ആനകളടങ്ങിയ സംഘമാണ് ഇവിടെ മേഞ്ഞ് നടന്നിരുന്നത്.
പടക്കം പൊട്ടിച്ച് ഇവയെ കൂട്ടംപിരിച്ച് അരിക്കൊമ്പനെ ഒറ്റപ്പെടുത്തി ദൗത്യം നടത്താനുള്ള ശ്രമവും വിജയിച്ചില്ല. ഇതിനിടെയാണ് കൂട്ടത്തിലുള്ളത് അരിക്കൊമ്പനല്ലെന്നും പ്രദേശത്തെ മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനാണെന്നും സ്ഥിരീകരിച്ചത്. തുടർന്ന് 8.30 ഓടെ ആനയിറങ്കൽ ജലാശയത്തിനും 301 കോളനിക്കും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ ആന ഉള്ളതായി സൂചന ലഭിച്ചു. ഇതോടെ വനപാലക സംഘത്തിന്റെ നിരീക്ഷണം ഇവിടെയായി. എന്നാൽ, അവിടെയും കണ്ടെത്താൻ കഴിയാതായതോടെ ഡോ. അരുൺ സഖറിയയും സംഘവും ക്യാമ്പിലേക്ക് തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.