റോ റോ വെസൽ നിയന്ത്രണംതെറ്റി പാലത്തിലിടിച്ചു
text_fieldsഫോർട്ട്കൊച്ചി: പതിനൊന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ദുരന്തത്തിെൻറ ഏഴാം വാർഷിക ദിനത്തിൽ കൊച്ചി അഴിമുഖത്ത് മറ്റൊരു അപകടം ഒഴിവായത് തലനാരിഴക്ക്. വെള്ളിയാഴ്ച രാവിലെ 8.30 ന് പ്രദേശത്തെ സംഘടനകൾ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് സ്മരണാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
സേതു സാഗർ 2 എന്ന റോ റോ വെസൽ ഫോർട്ട്കൊച്ചി ജെട്ടിയിൽനിന്ന് എടുക്കവെ ഒരു മത്സ്യബന്ധന വള്ളം പാഞ്ഞടുത്തതോടെ ഡ്രൈവർ വെസൽ പെട്ടന്ന് നിർത്താൻ ശ്രമിക്കുകയും നിയന്ത്രണം തെറ്റിയ വെസൽ ജെട്ടിയോട് ചേർന്നുള്ള യാത്രക്കാർക്കായി പണിതിട്ടുള്ള പാലത്തിൽ ഇടിക്കുകയുമായിരുന്നു. ഇതോടെ പാലത്തിെൻറ കൈവരികൾ തകർന്നു. ഡ്രൈവർ തൽക്ഷണം തന്നെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയതിനാൽ ദുരന്തം ഒഴിവായി. ഈ സമയം മറുകരയിൽനിന്നും പുറപ്പെട്ട സേതു സാഗർ ഒന്ന് വെസലും ജെട്ടിക്ക് സമീപം എത്തിയിരുന്നു.
തൊട്ടുപിറകെ കടലിൽ നിന്നും തുറമുഖത്തേക്കെത്തിയ കപ്പലും അഴിമുഖത്ത് എത്തിയിരുന്നു. റോ റോ ജെട്ടിക്ക് സമീപം മറ്റ് ജലയാനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും ഇത് ധിക്കരിച്ച് വലിയ മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കുന്നത് പല തവണ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റോ റോ ജെട്ടിയിൽ കെട്ടിയിട്ട വള്ളം വെസൽ ജെട്ടിക്കടുത്ത് എത്തിയപ്പോൾ എടുക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ പ്രവർത്തിച്ചില്ല.
ഇവിടെയും റോ റോവെസൽ ഡ്രൈവറുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇനിയും അഴിമുഖത്ത് ഒരു ദുരന്തത്തിന് ഇട നൽകാതിരിക്കാൻ റോ റോ ജെട്ടിക്ക് സമീപം മറ്റ് യാനങ്ങൾ അടുപ്പിക്കുന്നതും കെട്ടിയിടുന്നതും തടയണമെന്ന് കൊച്ചി വികസന വേദി പ്രസിഡന്‍റ് ഇന്ദു ജ്യോതിഷ് ആവശ്യപ്പെട്ടു. അതേ സമയം റോ റോ ജെട്ടിക്ക് സമീപം വലിയ മത്സ്യബന്ധന യാനങ്ങൾ പിടിക്കുന്നത് വല കയറ്റുന്നതിനും മറ്റുമാണെന്നും ഇത് തടയാൻ വാഹനങ്ങൾ കയറുന്നിടത്ത് ഗേറ്റ് സ്ഥാപിക്കുമെന്നും നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷറഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.