റോഡും നടപ്പാതയും കൈയേറാൻ അനുവദിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: എന്തിെൻറ പേരിലായാലും റോഡും നടപ്പാതകളും കൈയേറാൻ ആെരയും അനുവദിക്കരുതെന്ന് ഹൈകോടതി. അംഗപരിമിതരടക്കം കാൽനടക്കാർ വാഹനങ്ങൾക്കിടയിലൂടെ ഇറങ്ങി നടക്കേണ്ട സാഹചര്യം ഒരുക്കാതിരിക്കാൻ കൈയേറ്റങ്ങൾ ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ കർശനമായി നടപ്പാക്കണം.
ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച റിപ്പോർട്ട് തേടണമെന്ന ശബരിമല സ്പെഷൽ കമീഷണറുടെ ആവശ്യം പരിഗണിക്കവേയാണ് ദേവസ്വം ഹരജികൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച് ഈ പരാമർശം നടത്തിയത്. സംസ്ഥാനത്തെങ്ങും റോഡിലും നടപ്പാതയിലും താൽക്കാലിക ഷെഡ് കെട്ടി പ്രതിഷേധിക്കാൻ അനുവദിക്കുന്നുണ്ട്. രാഷ്ട്രീയ പിന്തുണയിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോൾ നടപ്പാതയിൽ പരവതാനി വിരിച്ച് കസേരയിടാൻപോലും അനുവദിക്കുന്നു.
അംഗപരിമിതർ ഉൾപ്പെടെ കാൽനടക്കാർക്ക് തടസ്സമുണ്ടാക്കിയുള്ള കൈയേറ്റം തടയാൻ നടപടിയില്ല. സാധനങ്ങൾ നിരത്തിെവച്ച് വ്യാപാരികൾക്ക് പ്രദർശിപ്പിക്കാനും ഉള്ളയിടമല്ല റോഡുകളും നടപ്പാതകളും. പ്രകടനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ റോഡും നടപ്പാതകളും കൈയേറാൻ അനുവദിക്കരുത്. അനധികൃത നിർമാണങ്ങളും പൊതുവഴിയിൽ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച് സുപ്രീംകോടതി ഉത്തരവുണ്ട്. റോഡുകളിൽ അനധികൃത പരസ്യബോർഡുകൾ നിരോധിച്ചും കാൽനടക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിച്ചുമുള്ള ഉത്തരവുകളുമുണ്ട്.
ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കാൽനടക്കാരടക്കം യാത്രക്കാരുടെ സുരക്ഷയും റോഡിെൻറ നിലവാരവും സൗകര്യവും ഉറപ്പുവരുത്താൻ സർക്കാറും പൊതുമരാമത്തും ദേശീയപാത അതോറിറ്റിയും നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചെന്ന വിശദീകരണം രേഖപ്പെടുത്തിയ കോടതി തുടർന്ന് ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.