മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ- പൊലീസ്
text_fieldsആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ പിടിയിലായ സന്തോഷ് ശെൽവം കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡി.വൈ.എസ്.പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നുമാണ് ഇയാളെ പൊലീസ് പിടിച്ചത്.
ശരീരത്തിലെ ടാറ്റൂവാണ് നിർണായകമായത്. മോഷണത്തിനിടയിൽ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇതാണ് മോഷണസംഘത്തിലെ പ്രതികളിലൊരാൾ സന്തോഷാണെന്ന് ഉറപ്പിക്കാൻ സഹായകമായതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
സമാനരീതിയിലുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ് സന്തോഷ് ശെൽവം. മോഷണത്തിന്റെയും ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയുടെയും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‍നാട് പൊലീസിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
പിടിയിലായ സന്തോഷിൻറെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. മൂന്ന് മാസം ജയിലിൽ കിടന്നതാണ്. കഴിഞ്ഞ മൂന്ന് മാസമായി പാല സ്റ്റേഷനിൽ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.
കുറുവാ സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.
അതേസമയം, ആലപ്പുഴ കവർച്ചാ കേസിൽ പിടിയിലായവരുടെ കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി നിരപരാധികളാണെന്നും പൊലീസ് കുടുക്കിയതാണെന്നും ആരോപിച്ചിരുന്നു. കുപ്പി വിൽക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് തളളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.