രമക്കെതിരായ വധഭീഷണി: സി.പി.എം ഉന്നതരുടെ പങ്ക് അന്വേഷിക്കണം -കെ. സുധാകരന്‍
text_fieldsആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സംഭവത്തില്‍ സി.പി.എം ഉന്നത നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്റെ പേരിലാണ് കെ.കെ. രമക്ക് വധഭീഷണിയുണ്ടായത്. ടി.പി ചന്ദ്രശേഖരനെ വധിച്ചശേഷവും ഭാര്യ കെ.കെ. രമയെ മാനസികമായി തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സി.പി.എം തുടരെ ശ്രമിച്ചത്. നിയമസഭയില്‍ അവരുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ.കെ. രമയുടെ ജീവന് സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് പൊലീസ് തയാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.
കുറച്ചു ദിവസങ്ങളായി സി.പി.എം നേതാക്കള്‍ രമയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും ഇതോടെ വ്യക്തമായി. എളമരം കരീം എം.പിയും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും മുന്‍ മന്ത്രി എം.എം മണിയും രമയെ പരസ്യമായി അധിക്ഷേപിക്കുകയും അവരുടെ ദുരവസ്ഥയെ പരിഹസിക്കുകയും ചെയ്തു. സി.പി.എം നടപ്പാക്കിയ രമയുടെ വൈധവ്യത്തെ പരിഹസിച്ച നേതാക്കളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
കോണ്‍ഗ്രസിന്റെയും യു.ഡി.എഫ് നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എം.എം മണി രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ചെങ്കിലും ഒടുങ്ങാത്ത പക മനസ്സില്‍ സൂക്ഷിക്കുന്നവരാണ് സി.പി.എമ്മുകാര്‍. ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ അവരത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ടി.പിയെ വധിക്കാന്‍ ഉത്തരവ് നല്‍കിയ സി.പി.എം ഉന്നതര്‍ ഇപ്പോഴും പുറത്ത് വിലസുകയാണ്.
പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള വധഭീഷണി കത്തിലെ ഉള്ളടക്കം വായിക്കുമ്പോള്‍ തന്നെ അതിന്റെ പ്രഭവകേന്ദ്രം വ്യക്തമാണ്. സി.പി.എം ക്രിമിനലുകള്‍ ടി.പി. ചന്ദ്രശേഖരനെ വധിച്ചശേഷം കേസ് വഴിതിരിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. ടി.പിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധപതിച്ചു. ടി.പിയുടെ ഘാതകരെ കണ്ണിലെ കൃഷ്ണമണിപോലെ തീറ്റിപ്പോറ്റുന്ന സി.പി.എമ്മിന്റെ അടുത്ത ലക്ഷ്യം കെ.കെ. രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.