വിധി കേട്ട് പൊട്ടിക്കരഞ്ഞ് രമ; മാസ്റ്റർ ബ്രെയിനിനായി പോരാട്ടം തുടരും
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണ കോടതി വിധി ശരിവെച്ച ഹൈകോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ച് പത്നി കെ.കെ. രമ എം.എൽ.എ. വിധി കേട്ടപ്പോൾ ഹൈകോടതിക്കു പുറത്ത് പൊട്ടിക്കരയുകയായിരുന്നു അവർ.
നല്ല വിധിയാണിതെന്നും നന്നായിത്തന്നെ ഹൈകോടതി കേസിനെ വിശകലനം ചെയ്തെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു മനുഷ്യനെയും വെട്ടിക്കൊല്ലരുതെന്ന എല്ലാവർക്കുമുള്ള താക്കീതും പാഠവുമാണിത്. ശിക്ഷ ശരിവെക്കുകയും രണ്ടുപേരെക്കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ ടി.പി. ചന്ദ്രശേഖരന് ഒരുപരിധി വരെ നീതി കിട്ടിയെന്നാണ് താൻ വിശ്വസിക്കുന്നത്. നീതി അസ്തമിച്ചിട്ടില്ലെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ വെളിപ്പെട്ടത്. പോരാട്ടം ലക്ഷ്യത്തിലേക്കെത്തിയെങ്കിലും അവസാനിക്കുന്നില്ല. കൊലപാതകത്തിന്റെ മാസ്റ്റർ ബ്രെയിൻ എവിടെയാണെന്ന് കണ്ടെത്തുന്നതു വരെ പോരാട്ടം തുടരും. മാസ്റ്റർ ബ്രെയിൻ ഇല്ലാതെ സി.പി.എമ്മുകാർ ഇത് നടത്തുകയില്ല. പുതുതായി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ കെ.കെ. കൃഷ്ണനും ജ്യോതിബാബുവും സി.പി.എമ്മിന്റെ പ്രധാനപ്പെട്ട ആളുകളാണ്. ഇവർ രണ്ടുപേരുംകൂടി ഉൾപ്പെട്ടതോടെ പാർട്ടിയുടെ പങ്കാളിത്തം ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്.
പി. മോഹനനെ വെറുതെവിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘തെളിവുകളുടെ അടിസ്ഥാനത്തിലാണ് വെറുതെവിട്ട’തെന്ന് അവർ പ്രതികരിച്ചു. അന്ന് ജില്ല സെക്രട്ടറിയായ അദ്ദേഹത്തിന്റെ അറിവില്ലാതെ ഏരിയ കമ്മിറ്റിയിൽ ഇത് നടക്കില്ല. ഇത് സാമാന്യബുദ്ധിയുള്ള ആർക്കുമറിയാം. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെയും നടക്കില്ല. പി.കെ. കുഞ്ഞനന്തൻ, പി. മോഹനനെ വിളിച്ചതിന് തെളിവുണ്ട്. അതു തെളിയിക്കാൻ സാധിച്ചില്ല എന്നേയുള്ളൂ. മോഹനനോടുകൂടി ആലോചിച്ച ശേഷമാണ് കുഞ്ഞനന്തൻ ഈ ദൗത്യം ഏറ്റെടുത്തത് -രമ പറഞ്ഞു.
തങ്ങൾ കുലംകുത്തികളല്ല, യഥാർഥ പാർട്ടിക്കാരാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.