വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ ഫൈൻ ചുമത്തി വിവരാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വിവരം നല്കാൻ 50 ദിവസം വൈകിപ്പിച്ച ഉദ്യോഗസ്ഥന് 12,500 രൂപ ഫൈൻ ചുമത്തി വിവരാവകാശ കമീഷൻ. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമീഷൻറെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്. പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാറിന് ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും നിഷേധിച്ചതിനെ തുടർന്നാണ് കമീഷനെ സമീപിച്ചത്.
വിവരം നല്കാൻ കമീഷൻ പറഞ്ഞിട്ടും അലംഭാവം കാട്ടിയതിനാണ് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ എ.ഹക്കീം പിഴചുമത്തി ഉത്തരവായത്. ജില്ലയിലെ ഒരു സ്കൂളിൽ കെ.ഇ. ആർ അധ്യായം 15 എ,റൂൾ 51 എ പ്രകാരം അധ്യാപികക്ക് സ്ഥിരം നിയമനം നല്കുന്ന വിഷയത്തിലെ രേഖാ പകർപ്പുകളാണ് ഓഫീസർ മറച്ചു വച്ചത്.
കമീഷൻറെ ഉത്തരവിന് ശേഷവും വിവരം നല്കാൻ വൈകിപ്പിച്ച ഓരോ ദിവസത്തിനും 250 രൂപ ക്രമത്തിൽ 50 ദിവസത്തേക്ക് 12500 രൂപ ഫൈൻ ചുമത്തുകയായിരുന്നു. ആരിഫ് അഹമ്മദ് ജൂലൈ 25 നകം ഫൈൻ അടച്ചതായി ഡി.ഇ.ഒ ഉറപ്പു വരുത്തി 30 നകം കമീഷനെ അറിയിക്കണം.അല്ലെങ്കിൽ ആരിഫിന് ജപ്തി നടപടികൾ നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.