തഹൽസിദാർ പ്രമോഷൻ ലിസ്റ്റിൽ ഭരണ കക്ഷി അനുകൂലികളെ തള്ളിക്കയറ്റിയെന്ന്
text_fieldsകോട്ടയം: തഹൽസിദാർമാരുടെ പ്രമോഷൻ ലിസ്റ്റിൽ ഭരണകക്ഷി അനുകൂല ജീവനക്കാരെ തള്ളിക്കയറ്റിയെന്നാക്ഷേപം. സീനിയോറിറ്റിയുള്ളവർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിെൻറ ഉത്തരവ് അട്ടിമറിച്ചാണ് നീക്കം. പി.എസ്.സി പരീക്ഷ വിജയിക്കുന്ന ഡെപ്യൂട്ടി തഹൽസിദാർമാരെയാണ് പ്രമോഷനിലൂടെ തഹൽസിദാർമാരായി നിയമിക്കുന്നത്. ഇതിനായി പരീക്ഷ വിജയിക്കുന്ന ഡെപ്യൂട്ടി തഹൽസിദാരെ സ്ഥിരപ്പെടുത്തണം. എന്നാൽ, ഒരുവിഭാഗം ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ നടപടികൾ വൈകിച്ച് ഭരണകക്ഷി യൂനിയനുമായി ബന്ധമുള്ളവർക്ക് അവസരമൊരുക്കിയെന്നാണ് പരാതി.
ഇതോടെ വ്യാഴാഴ്ച പുറത്തിറങ്ങിയ സ്ഥാനക്കയറ്റപട്ടികയിൽനിന്ന് സീനിയോറിറ്റിയുള്ള ഒരുവിഭാഗം പുറത്തായി. ലാൻറ് റവന്യൂ കമീഷണറേറ്റിലാണ് സ്ഥിരപ്പെടുത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. എന്നാൽ, റവന്യൂവകുപ്പ് 'നിയന്ത്രിക്കുന്ന' സർവിസ് സംഘടന നേതാക്കളുടെ ഇടപെടലിൽ ഒരുകൂട്ടം ജീവനക്കാരുടെ നടപടികൾ 'വൈകും'. അതേസമയം, ഈ സർവിസ് സംഘടനയുമായി ബന്ധമുള്ളവരുടെ നടപടികൾ അതിവേഗത്തിലായിരിക്കുമെന്നും ഒരുവിഭാഗം ജീവനക്കാർ പറയുന്നു. നിയമന ഉത്തരവ് വൈകുന്നതിനെതിരെ ഒരുകൂട്ടം ജീവനക്കാർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എത്രവുംവേഗം ഉത്തരവിറക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
എന്നിട്ടും നടപടിയില്ല. ട്രൈബ്യൂണൽ സ്ഥാനക്കയറ്റം നൽകണമെന്ന് നിർദേശിച്ചവരെ ഒഴിവാക്കിയാണ് പുതിയ പട്ടികയും ഇറങ്ങിയതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.