കൊറിയയിൽ ഉള്ളിക്കൃഷി ചെയ്യാൻ ഉദ്യോഗാർഥികളുടെ തള്ള്, വെബ്സൈറ്റ് പ്രവർത്തനം തടസ്സപ്പെട്ടു
text_fieldsതിരുവനന്തപുരം: ദക്ഷിണ കൊറിയയില്‍ കാര്‍ഷിക മേഖലയിലേക്ക് ക്ഷണിച്ച അപേക്ഷയിൽ ജോലിക്കായി അപേക്ഷകരുടെ തള്ളിക്കയറ്റം. സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡെപെക് മുഖേനയാണ് കൊറിയയിൽ ഉള്ളിക്കൃഷി നടത്താൻ അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസായിരുന്നു യോഗ്യത. ആദ്യഘട്ടത്തില്‍ നൂറ് പേര്‍ക്ക് നിയമനം നല്‍കാന്‍ ലക്ഷ്യം വെച്ചായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.
എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അയ്യായിരത്തിലധികം പേരാണ് ജോലിക്കായി ഒഡെപെകിനെ സമീപിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉള്ളികൃഷിക്ക് പത്താം ക്ലാസ് യോഗ്യത മാത്രം ആവശ്യപ്പെടുന്നതായിരുന്നു അപേക്ഷ. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളര്‍) ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. ഒടുവില്‍ അപേക്ഷകരുടെ തള്ളിക്കയറ്റം മൂലം കഴിഞ്ഞദിവസം വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ഈ സാഹചര്യത്തില്‍ ഒഡെപെക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനിടെ നിരവധി പേര്‍ ഫോണിലൂടെയും ഒഡെപെക്കിനെ ജോലിക്കായി ബന്ധപ്പെട്ടു. അപേക്ഷയിൽ ഫോൺനമ്പറും ഉണ്ടായിരുന്നു. നന്നായി ഉള്ളികൃഷി ചെയ്യും, കൊവിഡ് മൂലം പ്രതിസന്ധിയിലാണ് ജോലി നല്‍കണമെന്നെല്ലാം ആവശ്യപ്പെട്ടാണ് പലരും വിളിച്ചത്. എന്നാല്‍ ഒഡെപെക് റിക്രൂട്ടിംഗ് ഏജന്‍സി മാത്രമാണെന്നും നിയമനം അടക്കമുള്ള തീരുമാനങ്ങള്‍ കൊറിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണെന്നും ഒഡെപെക് വ്യക്തമാക്കി.
ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം എങ്കിലും ഇത് മൂന്നു വര്‍ഷം വരെ നീണ്ടേക്കാമെന്നും കഴിഞ്ഞ ദിവസം ഒഡേപെക് മാനേജിങ് ഡയറക്ടർ കെ.എ അനൂപ് അറിയിച്ചിരുന്നു. കൊറിയയുടെ തൊഴില്‍ നിയമമനുസരിച്ച് മാസത്തില്‍ 28 ദിവസം ജോലി ഉണ്ടായിരിക്കും. ജോലിസമയം രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ്. അപേക്ഷ സമർപ്പിക്കേണ്ടവരിൽ 60 ശതമാനം പേര്‍ സ്ത്രീകകളായിരിക്കണം.
ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിന്‍ എടുത്ത ഉദ്യോഗാർഥികളെ മാത്രമേ കൊറിയ അനുവദിക്കൂ. അതിനാൽ കോവാക്സിന്‍ എടുത്തവര്‍ക്ക് അവസരം ലഭിക്കില്ല. രണ്ടു ഡോസ് കോവിഷീല്‍ഡ് സ്വീകരിച്ചവർക്ക് ജോലിക്കായി അപേക്ഷിക്കാം. ദക്ഷിണ കൊറിയ സര്‍ക്കാരിന്റെ കീഴിലുള്ള കാര്‍ഷിക പദ്ധതിയുടെ ഭാഗമായായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉള്ളികൃഷിക്കാണ് തൊഴിലാളികളെ തേടുന്നത്. 25 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി. ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സീന്‍ എടുത്തിരിക്കണം, എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.