സംഘ് പരിവാർ ബന്ധം: സഭാനിലപാടുകളിൽ പ്രതിഷേധിച്ച് വൈദികൻ ശുശ്രൂഷ ഉപേക്ഷിച്ചു
text_fieldsകൊച്ചി: സംഘ് പരിവാറുമായി അവിശുദ്ധകൂട്ടുകെട്ടിനുള്ള സിറോ മലബാർ സഭയുടെ നീക്കത്തിൽ പ്രതിഷേധിച്ച് ശുശ്രൂഷാ ദൗത്യം ഉപേക്ഷിച്ച് വൈദികൻ. താമരശ്ശേരി രൂപതയിലെ വൈദികനും കോഴിക്കോട് മുക്കം എസ്.എച്ച് പള്ളി വികാരിയുമായിരുന്ന ഫാ. അജി പുതിയാപറമ്പിലാണ് സഭാ ചട്ടക്കൂട് ഉപേക്ഷിച്ച് പുരോഹിതനായി മാത്രം തുടരുമെന്ന് പ്രഖ്യാപിച്ചത്.
വെറുപ്പിന്റെ തത്ത്വശാസ്ത്രം പേറുന്ന സംഘ്പരിവാർ രാഷ്ട്രീയവുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് മാത്രമല്ല ദൈവത്തിനുള്ളത് ദൈവത്തിനും സീസർക്കുള്ളത് സീസർക്കുമെന്നതാണ് ക്രിസ്തുവിന്റെ രാഷ്ട്രീയമെന്നും അതിനുവേണ്ടിയാണ് സഭാ നേതൃത്വം നിലകൊള്ളേണ്ടതെന്നും ഇപ്പോൾ കൊച്ചിയിലുള്ള അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ബി.ജെ.പിയുമായി മാത്രമല്ല ഒരുപാർട്ടിയുമായും സജീവ ഇടപെടൽ ക്രൈസ്തവമല്ല.
അവസരത്തിനൊത്ത് അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതോ അതിനുവേണ്ടി വില പേശുന്നതോ ശരിയല്ല. കർഷകർക്കുവേണ്ടി നിലകൊള്ളണം. താനും കർഷകർക്കുവേണ്ടി ഉപവാസം കിടന്നിട്ടുണ്ട്.
പക്ഷേ, റബറിന് 300 രൂപ നൽകിയാൽ വോട്ടുചെയ്യാമെന്ന വിലപേശൽ രാഷ്ട്രീയം ശരിയല്ല. ഇത്തരം കാര്യങ്ങളടക്കം സഭയെ ബന്ധപ്പെടുത്തി ഇപ്പോൾ കേൾക്കുന്ന പലതും ക്രിസ്തുവിന്റെ രീതിയല്ല. മണിപ്പൂരിൽ നടന്ന സംഭവങ്ങൾ പകൽപോലെ നമുക്ക് മുന്നിലുണ്ട്. മതേതര രാജ്യത്തിന് ഭൂഷണമല്ലാത്ത കാര്യങ്ങൾ നടന്നപ്പോൾ ഇടപെടേണ്ട സർക്കാർ ഒന്നും ചെയ്തില്ല.
കേരളത്തിലെ ക്രൈസ്തവ സഭകൾ പ്രത്യേകിച്ച് സിറോ മലബാർ സഭ വലിയ ജീർണതയിലൂടെയാണ് കടന്നു പോകുന്നതെന്നും ഫാ. അജി പറഞ്ഞു. താൽക്കാലിക ലാഭങ്ങൾക്കായി സഭാമക്കൾ സൈബറിടത്തിൽ വെറുപ്പ് വിതക്കുന്നു. സഭാപിതാക്കൻമാർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നു. ഇത്തരം കാര്യങ്ങളിൽ സഭയിലെ സാധാരണക്കാരായ വിശ്വാസികളും ഒരുപാട് വൈദികരും ദുഃഖിതരാണ്.
ഭയം മൂലം ആരും ഒന്നും പറയുന്നില്ലന്നേയുള്ളൂ. 20 വർഷമായി താമരശ്ശേരി രൂപതയിൽ വൈദികനായി ജോലി ചെയ്യുന്ന അജിയച്ചനെ പൊതുസ്ഥലം മാറ്റ ഭാഗമായി നൂറാംതോട് ഇടവകയിലേക്ക് മാറ്റിയിരുന്നു. ഈ മാസം 13ന് ചുമതല ഏൽക്കേണ്ടതായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ആ ദിവസം തന്നെ വികാരിസ്ഥാനമടക്കം സഭാ ചുമതലകൾ ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാൽ, താൻ സഭയുടെ ശത്രുവല്ലെന്നും മകനാണെന്നും പുരോഹിതനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദികവസ്ത്രമായ ളോഹ തുടർന്നും ധരിക്കും. ഇനി മുതൽ പൗരോഹിത്യ ദൗത്യങ്ങളിലൊന്നായ പ്രവാചക ദൗത്യത്തിലേക്ക് പ്രവേശിക്കും. പ്രസംഗവും എഴുത്തുമായി അത് നിർവഹിക്കും. മലപ്പുറം വെറ്റിലപ്പാറ സ്വദേശിയാണ് ഫാ. അജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.