വീഴ്ച സമ്മതിച്ച് വി.സി; കുട്ടികളെ കയറ്റിവിടുന്നതിൽ സമയക്രമം പാലിച്ചില്ല
text_fieldsകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ നടന്ന സംഗീതനിശയുടെ സംഘാടനത്തിൽ പാളിച്ച പറ്റിയെന്ന് വൈസ് ചാൻസലർ പി.ജി. ശങ്കരൻ. പ്രതീക്ഷിക്കാത്തത്ര ആൾക്കൂട്ടം എത്തിയെന്നും സമയക്രമം പാലിച്ച് കുട്ടികളെ കയറ്റിവിടുന്നതിൽ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.
വലിയൊരു വിഭാഗം വിദ്യാർഥികളും പൊതുജനങ്ങളും പരിപാടി കാണാൻ ഓഡിറ്റോറിയത്തിനു പുറത്ത് തടിച്ചുകൂടിയിരുന്നു. സംഗീത പരിപാടി കാണാൻ പുറത്തുനിന്നുള്ള വിദ്യാർഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്ന് വൈസ് ചാൻസലർ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സംഗീത പരിപാടി തുടങ്ങുംമുമ്പുതന്നെ വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. ഒട്ടേറെ വിദ്യാർഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുണ്ടായിരുന്നു.
പരിപാടി തുടങ്ങാറായപ്പോൾ ഇവരെല്ലാം അകത്തേക്കു കയറാൻ ശ്രമിച്ചു. അതിനിടെ ചാറ്റൽമഴ തുടങ്ങിയതോടെ എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയായിരുന്നു. കുത്തനെ പടവുകളിറങ്ങി വേണമായിരുന്നു സംഗീതനിശ നടക്കുന്ന സദസ്സിലെത്താൻ. അവിടേക്ക് കൂട്ടത്തോടെ അതിവേഗം പാഞ്ഞുവന്നവരുടെ മുന്നിൽ നീങ്ങിയ വിദ്യാർഥികളടക്കമുള്ളവർ കാലിടറി വീഴുകയും പിന്നാലെ വന്നവരും വീഴുകയും ചവിട്ടിക്കടന്നുപോകുകയുമായിരുന്നു- റിപ്പോർട്ട് പറയുന്നു.
മജിസ്ട്രേറ്റ്തല അന്വേഷണം; കോളജുകളിലെ പരിപാടികൾക്ക് മാർഗരേഖയുണ്ടാക്കും
കൊച്ചി: തിക്കിലും തിരക്കിലുംപെട്ട് നാലു പേർ മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തും. ഇതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങുമെന്നാണ് വിവരം. അന്വേഷണ വിഷയങ്ങള്‍ തീരുമാനിക്കാന്‍ ജില്ല ഭരണകൂടം നടപടികൾ തുടങ്ങിയിട്ടുണ്ട്. സുരക്ഷവീഴ്ച സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പിക്ക് കൈമാറിയിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അന്വേഷിക്കും. മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. ദാരുണ സംഭവം സുരക്ഷവീഴ്ച മൂലമാണെന്ന പൊലീസ് റിപ്പോർട്ടുകൂടി കണക്കിലെടുത്താണ് നടപടി. സംഗീത പരിപാടിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ല. പുറമെനിന്നുള്ളവർക്കുകൂടി പ്രവേശനം അനുവദിച്ച സാഹചര്യത്തിൽ പൊലീസിനെ അറിയിച്ച് മുൻകരുതൽ എടുക്കുന്നതിൽ സർവകലാശാല അധികൃതർക്ക് വീഴ്ചപറ്റി. ഒറ്റ കവാടത്തിലൂടെ മാത്രമേ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുമായിരുന്നുള്ളൂ എന്നത് അപകടതീവ്രത കൂട്ടി.
വൈസ് ചാൻസലറോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു റിപ്പോര്‍ട്ട് തേടി. കോളജുകളിലെ ടെക്ഫെസ്റ്റ് ഉൾപ്പെടെ പരിപാടികൾക്ക് മാർഗരേഖയുണ്ടാക്കുമെന്നും അവർ പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജന് ജില്ല കലക്ടറോടും റിപ്പോർട്ട് തേടി.
ദുരന്തവ്യാപ്തി കുറച്ചത് വിദ്യാർഥികളുടെ അവസരോചിത ഇടപെടൽ
കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ മൂന്ന് വിദ്യാർഥികളുൾപ്പെടെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞത് വിദ്യാർഥികളുടെ അവസരോചിത ഇടപെടൽ മൂലം. മൂന്നുദിവസങ്ങളിലായി നടന്നുവന്ന ടെക്ഫെസ്റ്റിന്റെ നടത്തിപ്പിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽനിന്നുള്ള വളന്റിയർമാരെ ചുമതലപ്പെടുത്തിയിരുന്നു. ദുരന്തം സംഭവിച്ചതോടെ കുസാറ്റ് ഓപൺഎയർ ഓഡിറ്റോറിയത്തിന്റെ അകത്തുണ്ടായ വിദ്യാർഥികൾ ഭയചകിതരായി പുറത്തുകടക്കാൻ ശ്രമിച്ചാൽ കൂടുതൽ അപകടകരമാകുമെന്ന് കണ്ട് ആരെയും പുറത്തേക്ക് പോകാൻ അനുവദിക്കാതെ വളന്റിയർമാർ തടഞ്ഞുനിർത്തി. അപകടം നടന്നയുടൻ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനും ഇവർ ഉണർന്ന് പ്രവർത്തിച്ചതായി അധ്യാപകർ പറയുന്നു.
ഫെസ്റ്റുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് കാമ്പസിൽ സജ്ജമാക്കി നിർത്തിയിരുന്നു. ഈ ആംബുലൻസിൽ പലരെയും ആശുപത്രികളിലേക്ക് കയറ്റിവിട്ടു. കാമ്പസിലുണ്ടായ കാറുകളിലും ഇരു ചക്രവാഹനങ്ങളിലുമായാണ് ബാക്കിയുള്ളവരെ ആശുപത്രികളിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.