Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
veena george
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തിന്റേത്...

സംസ്ഥാനത്തിന്റേത് ശാസ്ത്രീയ സ്ട്രാറ്റജി; കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ട -മന്ത്രി വീണാ ജോർജ്

text_fields
bookmark_border

തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാൽ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങാതെയിരുന്നാൽ അത് എല്ലാവരേയും ബാധിക്കും.

അതിനാൽത്തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ഒന്നും രണ്ടും തരംഗത്തിൽനിന്നും വ്യത്യസ്തമാണ് മൂന്നാം തരംഗം. ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ച് തുടങ്ങുമ്പോൾ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക്ഡൗണിലേക്ക് പോയത്. രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. സംസ്ഥാനത്ത് 2021 മേയ് 12ന് 43,529 ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ വാക്സിനേഷൻ 20 ശതമാനമാനത്തിനടുത്തായിരുന്നു. അതിന് ശേഷം പ്രത്യേക വാക്സിനേഷൻ ഡ്രൈവുകൾ ആവിഷ്‌കരിച്ചു. ഇപ്പോൾ 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനമാണ്.

ഇതോടെ മഹാഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാനായി. അതിനാലാണ് ഇപ്പോൾ കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലാകുന്നവരുടെ എണ്ണം വളരെ കുറവാകുന്നത്. നിലവിൽ ആകെ 1,99,041 കോവിഡ് ആക്ടീവ് കേസുകളിൽ മൂന്ന് ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

മെഡിക്കൽ കോളജുകളിലെ ഐ.സി.യുവിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദം പെട്ടന്ന് വ്യാപിക്കുമെങ്കിലും ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സിനെടുക്കാത്തവരിലും രോഗം ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

ടി.പി.ആർ മാനദണ്ഡമാക്കുന്നത് വളരെ മുമ്പ് തന്നെ മാറ്റം വരുത്തിയിരുന്നു. ഇപ്പോൾ ടി.പി.ആർ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സർക്കാറിന്റെ മാർഗനിർദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവർക്ക് കോവിഡ് പരിശോധന നടത്തിയാൽ മതി. അതിനാൽ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാൻ സാധ്യതയുണ്ട്. അപ്പോൾ സ്വാഭാവികമായും ടി.പി.ആർ ഉയർന്നു നിൽക്കും.

മൂന്നാം തരംഗം മുന്നിൽ കണ്ട് ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ എന്നിവ വലിയ തോതിൽ വർധിപ്പിച്ചു. 25 ആശുപത്രികളിൽ 194 പുതിയ ഐ.സി.യു യൂനിറ്റുകൾ, 19 ആശുപത്രികളിലായി 146 എച്ച്.ഡി.യു യൂനിറ്റുകൾ, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐ.സി.യു യൂനിറ്റുകൾ എന്നിവ സജ്ജമാക്കി. ഇതുകൂടാതെ സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും 12 കിടക്കകൾ വീതമുള്ള ഐ.സി.യു, എച്ച്.ഡി.യു കിടക്കളും സജ്ജമാക്കി.

ആകെ 400 ഐ.സി.യു, എച്ച്.ഡി.യു യൂനിറ്റുകളാണ് സജ്ജമാക്കിയത്. ചെറിയ കുഞ്ഞുങ്ങൾ മുതലുള്ള കുട്ടികൾക്കുള്ള 99 വെന്റിലേറ്ററുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 66 വെന്റിലേറ്ററുകൾ, 100 പീഡിയാട്രിക് അഡൾട്ട് വെന്റിലേറ്ററുകൾ, 116 നോൺ ഇൻവേസീവ് വെന്റിലേറ്ററുകൾ ഉൾപ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകൾ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്ളോ വെന്റിലേറ്ററുകളുടെ വിതരണം പുരോഗമിക്കുന്നു.

മെഡിക്കൽ കോളജുകളിൽ 239 ഐ.സി.യു, ഹൈ കെയർ കിടക്കകൾ, 222 വെന്റിലേറ്റർ, 85 പീഡിയാട്രിക് ഐ.സി.യു കിടക്കകൾ, 51 പീഡിയാട്രിക് വെന്റിലേറ്ററുകൾ, 878 ഓക്സിജൻ കിടക്കൾ, 113 സാധാരണ കിടക്കകൾ എന്നിവ ഉൾപ്പെടെ 1588 കിടക്കൾ പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ലിക്വിഡ് ഓക്സിജന്റെ സംഭരണ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്.

സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1817.54 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ക്വാറന്റൈനിലുള്ള ഡോക്ടർമാർ പോലും ഇ-സഞ്ജീവനി ടെലി മെഡിസിൻ സേവനങ്ങൾക്കായി മുന്നോട്ടുവരുന്നത് അഭിനന്ദനാർഹമാണ്. ഗൃഹ പരിചരണം സംബന്ധിച്ച് ആർ.ആർ.ടി, വാർഡ് സമിതി അംഗങ്ങൾ, ആശാവർക്കർമാർ, തദ്ദേശ സ്ഥാപന ജീവനക്കാർ, വനിത ശിശുവികസന വകുപ്പിന് കീഴിലെ അംഗൻവാടി ഐ.സി.ഡി.എസ് പ്രവർത്തകർ എന്നിവർക്ക് ശനിയാഴ്ച പരിശീലനം നൽകുന്നുണ്ട്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidKerala News
News Summary - The scientific strategy of the state; No need to worry about rising covid cases: Minister Veena George
Next Story