കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്‍റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകും- പ്രധാനമന്ത്രി VIDEO
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്‍റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 25 വർഷത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കാൻ പോകുന്നത്. കേരളത്തിലും ആധുനിക വികസനത്തിന്‍റെ ഘട്ടം ആരംഭിക്കുകയാണ്.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ എത്തുമ്പോൾ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മൾട്ടി മോഡൽ കണക്ടിവിറ്റി സംവിധാനമാണ് കൊച്ചിയിൽ നടപ്പാകുക. ഇതിനായി യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റിക്ക് കീഴിൽ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ എട്ട് വർഷമായി നഗര ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ എട്ട് വർഷത്തിൽ 500 കിലോമീറ്ററിലധികം മെട്രോ റെയിൽ റൂട്ട് നിർമ്മിക്കാൻ കഴിഞ്ഞു. ആയിരം കിലോമീറ്റർ ദൂരം നിർമ്മാണം പുരോഗമിക്കുകയാണ്- പ്രധാന മന്ത്രി വ്യക്തമാക്കി.
കേരളത്തിന്‍റെ റെയിൽ കണക്ടിവിറ്റിയിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കപ്പെടുകയാണ്. തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ സാധാരണ യാത്രക്കാർക്കും തീർഥാടകർക്കും ഏറെ ഗുണകരമാകും. ഏറ്റുമാനൂർ - ചിങ്ങവനം - കോട്ടയം പാത ഇരട്ടിപ്പിക്കൽ പൂർത്തിയായത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമാകും, കൊല്ലം - പുനലൂർ പാത വൈദ്യുതീകരണം പൂർത്തിയായത് വഴി മലിനീകരണം കുറയുകയും വേഗത കൂടിയ ട്രെയിൻ ലഭിക്കുകയും ചെയ്യും.
ഗതാഗത സംവിധാനങ്ങൾ വിപുലമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. സംരംഭക വികസനത്തിനായി 70000 കോടി രൂപയാണ് മുദ്ര ലോണായി കേരളത്തിൽ നൽകിയത്. ഇതിൽ അധികവും ടൂറിസം മേഖലയിൽ നിന്നുള്ള സംരംഭങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടക്കുന്നത്. ദേശീയ പാത - 66 ന്‍റെ വികസനത്തിനായി 55000 കോടിയാണ് ചെലവിടുന്നത്. കേരളത്തിന്റെ ലൈഫ് ലൈൻ എന്നു പറയാവുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.