കാരുണ്യമില്ലാതെ രണ്ടാം തരംഗകാലം: സമ്പദ്രംഗം തളർന്നിട്ടും ബാങ്ക് വായ്പ ഉയരുന്നില്ല
text_fieldsതൃശൂർ: കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗം ഏൽപിച്ച ആഘാതം അതിജീവിക്കും മുമ്പ് രണ്ടാം തരംഗത്തിെൻറ മാരക പ്രഹരം ഏറ്റുവാങ്ങിയ താഴ്ന്ന വരുമാനക്കാരും ഇടത്തരക്കാരും കരുണയില്ലാക്കയത്തിൽ. ഒന്നാം തരംഗകാലത്ത് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളും പാക്കേജുകളും നടപ്പായത് നാമമാത്രം.
രണ്ടാം തരംഗത്തിൽ അതുമില്ല. താഴ്ന്ന വരുമാനക്കാർ തീർത്തും അശരണരായപ്പോൾ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാര-വ്യവസായ സംരംഭകർ അടക്കമുള്ളവർ പകച്ചു നിൽക്കുകയാണ്. മൂന്നാം തരംഗ സാധ്യതയെക്കുറിച്ച് വിദഗ്ധർ ചർച്ച ചെയ്യുമ്പോൾ അതിജീവനത്തിന് ഇനി ഏതുവഴി എന്ന് ആരായുകയാണ് ഈ വിഭാഗങ്ങൾ.
ഒന്നാം തരംഗ കാലത്ത് കേന്ദ്ര സർക്കാർ താഴ്ന്ന വരുമാനക്കാർക്ക് ജൻ-ധൻ അക്കൗണ്ട് വഴി മൂന്ന് ഘട്ടങ്ങളിൽ 500 രൂപ വീതം നേരിട്ട് നൽകൽ, 20 ലക്ഷം കോടി രൂപയുടെ മഹാമാരി അതിജീവന പാക്കേജ്, വായ്പ തിരിച്ചടവിന് മൊറട്ടോറിയം എന്നിവ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തരംഗത്തിൽ ഇതൊന്നുമില്ല. ജൻ-ധൻ അക്കൗണ്ട് വഴി പണനിക്ഷേപം അർഹതയുള്ളവരിൽ 40 ശതമാനത്തിൽ താഴെ പേർക്കാണ് കിട്ടിയതെന്ന് പിന്നീട് കണ്ടെത്തി.
20 ലക്ഷം കോടിയുടെ പാക്കേജ്, ഫലത്തിൽ കോർപറേറ്റ് സമാശ്വസ പദ്ധതിയായി. മൊറട്ടോറിയമാകട്ടെ, പിന്നീട് പലിശക്കുരുക്കിലുമായി. വായ്പ കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തിൽ മാത്രമാണ് സുപ്രീംകോടതി പോലും അനുകൂല നിലപാടെടുത്തത്. കോർപറേറ്റുകളുടെ ലക്ഷക്കണക്കിന് കോടിയുടെ കിട്ടാക്കടവും മറ്റും എഴുതിത്തള്ളുന്ന തരത്തിലുള്ള ഔദാര്യമൊന്നും ഇക്കൂട്ടരുടെ കാര്യത്തിലുണ്ടായില്ല. അതോടെ മൊറട്ടോറിയം 'മാറ്റിവെക്കപ്പെട്ട പീഡന'മായി.
ഒന്നാം തരംഗ വ്യാപനം കുറയുകയും ജനജീവിതം ചെറിയ രീതിയിൽ സാധാരണ നിലയിലേക്ക് നീങ്ങുകയും ചെയ്തപ്പോഴും ബാങ്കുകളിൽ വായ്പ വിതരണത്തിൽ വളർച്ചയുണ്ടായില്ല. ഒരു ബാങ്ക് ശാഖ ഒരുവർഷം നൽകുന്ന വായ്പയേക്കാൾ 15-20 ശതമാനമെങ്കിലും വളർച്ച അടുത്ത വർഷമുണ്ടാകാറുണ്ട്.
എന്നാൽ, ഒന്നാം തരംഗത്തിന് ശേഷം ഇത് നാല് ശതമാനത്തിൽ താഴെ മാത്രമാണ്. വായ്പയെടുത്താൽ പലിശ സബ്സിഡി പോലുള്ള അതിജീവന സഹായങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ നൽകാൻ ഭരണകൂടങ്ങൾ തയാറാവാത്തതാണ് പ്രധാന പ്രശ്നം. സ്വന്തം നീക്കിയിരിപ്പിൽനിന്ന് നിക്ഷേപം നടത്തി നടുനിവർത്താൻ ശ്രമിച്ചവർ തൊട്ടുപിന്നാലെ വന്ന രണ്ടാം തരംഗത്തിെൻറ ലോക്ഡൗൺ ദുരിതത്തിലുമായി. രണ്ടാം തരംഗത്തോടെ സംരംഭകരുടെ ആശങ്ക ഭയമായി വളർന്നിരിക്കുകയാണ്.
ഒന്നാം തരംഗ കാലത്ത് എടുത്ത വായ്പകൾ പുനഃക്രമീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അത് അപേക്ഷിച്ചവർക്ക് മാത്രം, വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ എന്ന് പരിമിതപ്പെടുത്തി. തിരിച്ചടവ് തെറ്റിയാൽ ബാധ്യത, കിട്ടാക്കടപ്പട്ടിക, സിബിൽ സ്കോർ എന്നീ പ്രഹരങ്ങൾ വേറെ. സർക്കാറുകൾ, പ്രത്യേകിച്ച് കേന്ദ്ര സർക്കാർ ഫലപ്രദമായ രക്ഷാനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ മഹാമാരിയുടെ ക്ഷീണം കനത്തതായിരിക്കുമെന്ന് ബാങ്കിങ് വൃത്തങ്ങളും ചെറുകിട വ്യാപാര-വ്യവസായ സമൂഹവും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.