സെക്രട്ടേറിയറ്റ് തമ്പുരാക്കന്മാരുടേതല്ല; സ്വാമി സച്ചിദാനന്ദക്ക് മറുപടിയുമായി മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsതൃശൂർ: സെക്രട്ടേറിയറ്റ് തമ്പുരാൻകോട്ടയായി തുടരുന്നെന്നും സംസ്ഥാനത്ത് സാമൂഹികനീതി കൈവന്നിട്ടില്ലെന്നുമുള്ള ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദയുടെ വിമർശനത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. സെക്രട്ടേറിയറ്റ് തമ്പുരാക്കന്മാരുടേതല്ലെന്നും ഒരിടവും അങ്ങനെയായിക്കൂടെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാമി സച്ചിദാനന്ദയുടെ പരാമർശം ശ്രദ്ധയിൽപ്പെട്ടെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സെക്രട്ടേറിയറ്റ് മാത്രമല്ല, ഒരു കേന്ദ്രവും തമ്പുരാക്കൻമാരുടേതാകാൻ പാടില്ല. പരമാവധി നീതി എല്ലാവർക്കും ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. ലോകത്താകെ പട്ടിണിയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, കേരളം അടുത്തവർഷത്തോടെ വിശപ്പില്ലാ സംസ്ഥാനമായി മാറുകയാണ്.
ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ കേരളത്തെ എത്രത്തോളം മാറ്റിമറിച്ചെന്ന് നമ്മൾ തിരിച്ചറിയണം. ഗുരുസന്ദേശം ഏറ്റെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോയെന്ന് ചിന്തിക്കണം. ഭ്രാന്താലയമായിരുന്ന കേരളം മാറിയത് ഗുരുദേവനെപ്പോലെയുള്ള നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾകൊണ്ടാണ്. ഗുരുവിനെപ്പോലെയുള്ള സാമൂഹിക നവോത്ഥാന നായകർ ലോകത്തിന് മുന്നിൽ മാതൃകയായി മാറി. വിദ്യകൊണ്ട് പ്രബുദ്ധരാകുകയെന്ന ഗുരുസന്ദേശമാണതിന് കാരണം. മനസ്സുകളിൽ ജാതിചിന്ത കൂടിവരുന്ന കാലമാണിത്. അത്തരം തിന്മകൾക്കെതിരെ പ്രവർത്തിക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവകലാശാല റിട്ട. പ്രഫ. ഡോ. എം.വി. നടേശൻ അനുസ്മരണ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.