ജോലിസമയത്ത് കറങ്ങി നടന്നാൽ പണി കിട്ടും; സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണം വരുന്നു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് അടക്കം കടുത്ത നിയന്ത്രണങ്ങൾ വരുന്നു. സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ പ്രധാന വാതിലുകളിൽ കയറാനും ഇറങ്ങാനും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാൽ മാത്രം ബാരിയർ തുറക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഇതിന്റെ ഉപകരണങ്ങളെല്ലാം ഇതിനകം സെക്രട്ടേറിയറ്റിലെത്തിച്ചു. ആക്സസ് കൺട്രോൾ സിസ്റ്റം എല്ലാ ബ്ലോക്കുകളിലും സ്ഥാപിക്കും. സന്ദർശകർക്കും നിയന്ത്രണം വരും. പുറത്തിറങ്ങുമ്പോഴും തിരിച്ച് കയറുമ്പോഴും കാർഡ് ഉപയോഗിക്കേണ്ടതിനാൽ ആ സമയം ഡ്യൂട്ടിയിലല്ലെന്ന വിലയിരുത്തൽ വരുമെന്ന ആശങ്ക സംഘടനകൾക്കുണ്ട്. സംഘടനാ നേതാക്കൾക്കും ഇത് പ്രയാസം സൃഷ്ടിച്ചേക്കും.
പുതിയ സംവിധാനത്തിനെതിരെ കടുത്ത എതിർപ്പുമായി സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തി. ഇത് ജീവനക്കാരെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതാണെന്ന് അസോസിയേഷൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
ഫാക്ടറിയിൽപോലും ഇല്ലാത്ത നിയന്ത്രണങ്ങളും അടച്ചിടലുകളും കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഫയലുകൾ തയാറാക്കലും അപേക്ഷകൾ പരിശോധിക്കലും തീരുമാനമെടുക്കലും യാന്ത്രിക പ്രകിയ അല്ല. ജീവനക്കാരെ ക്യുബിക്കുകളിൽ അടച്ചിട്ടാൽ ഔട്ട്പുട്ട് കൂടുമെന്ന വാദഗതികൾ നിരർഥകമാണെന്നും നോട്ടീസിൽ പറയുന്നു.
സെക്ഷനുകളിലും ഓഫിസുകളിലും ഇരുന്നുള്ള ജോലിക്ക് പുറമെ നിരവധി ചർച്ചകൾക്കും യോഗങ്ങൾക്കും വിവിധ കമീഷനുകളിലെ വിചാരണക്കും ഹിയറിങ്ങുകൾക്കും നിയമസഭ നടക്കുമ്പോൾ സമിതി യോഗങ്ങൾക്കും ഓഫിസ് സമയത്തുതന്നെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് പങ്കെടുക്കേണ്ടി വരുന്നുണ്ട്. സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓഫിസ് സമയത്താണ് ഇടപാടുകൾ നടത്തുന്നത്. സൊസൈറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ബോർഡ് അംഗങ്ങൾ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരാണ്. ഔദ്യോഗിക ജോലിക്ക് വിഘാതം വരാതെ പ്രവൃത്തി സമയത്തുതന്നെയാണ് ഇവയുടെ പ്രവർത്തനം.
ഹാജർ ഉറപ്പാക്കാനും ജോലി സമയം നിരീക്ഷിക്കാനും നിലവിലെ സെക്രട്ടേറിയറ്റ് അറ്റൻഡൻസ് മാനേജ്മെന്റ് സംവിധാനവും ഇ-ഓഫിസ് സംവിധാനവും പര്യാപ്തമാണ്. സെക്രട്ടേറിയറ്റിന്റെ സുരക്ഷ മുൻനിർത്തി നിയന്ത്രണങ്ങൾക്കായി പുതിയ സംവിധാനം പരിമിതപ്പെടുത്തണമെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.