ശിക്ഷ വിധിച്ചത് എതിർ കേസ് പരിഗണിക്കാതെ; ഹൈകോടതിയെ സമീപിച്ച് ലക്ഷദ്വീപ് എം.പി
text_fieldsകൊച്ചി: വധശ്രമക്കേസിൽ സെഷൻസ് കോടതി പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചത് തങ്ങൾ നൽകിയ എതിർ കേസ് പരിഗണിക്കാതെയെന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലടക്കം പ്രതികൾ ഹൈകോടതിയിൽ.
2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവർ കോടതിയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് എതിർ കേസ് നൽകിയിരുന്നു. എന്നാൽ, ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി പരിഗണിച്ചില്ല. അക്രമ സംഭവങ്ങളിൽ എതിർ കേസുണ്ടെങ്കിൽ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീം കോടതി നിർദേശം.
കേസിൽ വിചാരണകോടതി വിധി സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ ഹരജിയിലാണ് പ്രതികൾ ഈ വാദമുന്നയിച്ചത്. കേസിൽ പ്രാഥമിക വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ സെഷൻസ് കോടതിയിൽനിന്ന് കേസിന്‍റെ രേഖകൾ വിളിച്ചുവരുത്താൻ രജിസ്ട്രിക്ക് നിർദേശം നൽകി. അപ്പീലിൽ കൂടുതൽ നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ അവസരം വേണമെന്ന മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകന്‍റെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച വീണ്ടും ഹരജി പരിഗണിക്കാൻ മാറ്റി.
മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്‍റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരായ കുറ്റം. എതിർ കേസ് പരിഗണിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന കാര്യം വിചാരണ കോടതിയിൽ ഉന്നയിക്കാതിരുന്നതെന്തെന്ന് വാദത്തിനിടെ സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. അത് പ്രോസിക്യൂഷന്‍റെ ചുമതലയാണെന്നായിരുന്നു വിശദീകരണം. മുഹമ്മദ് സ്വാലിഹിന്‍റെ തലയിൽ വലിയ മുറിവേൽപിച്ചെന്ന വാദം ശരിയല്ല.
അവിശ്വസനീയമായ കഥകൾ കെട്ടിച്ചമച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയതെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യരുതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്‍റെ വാദം.
പ്രതികളുടെ അക്രമത്തിനിരയായ സ്വാലിഹ് 23 ദിവസം ആശുപത്രിയിൽ കഴിഞ്ഞെന്നും എട്ടുമാസത്തോളം തുടർ ചികിത്സ വേണ്ടി വന്നെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വധിക്കാനാണ് ശ്രമം നടന്നതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.