Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെർവർ വീണ്ടും...

സെർവർ വീണ്ടും പണിമുടക്കി; റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു

text_fields
bookmark_border
സെർവർ വീണ്ടും പണിമുടക്കി; റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു
cancel

തിരുവനന്തപുരം: സർവർ സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇ-പോസ് മെഷീൻ പ്രവർത്തിക്കാതായതോടെ മുൻഗണന കാർഡുകാരുടെ മസ്റ്ററിങ് നിർത്തിവെച്ചു. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചെന്ന് എന്‍.ഐ.സിയും ഐ.ടി മിഷനും ഉറപ്പുനൽകിയാൽ മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മസ്റ്ററിങ് നിർത്തിവെച്ചതിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. തിങ്കളാഴ്ച മുതൽ എല്ലാ കാർഡുകള്‍ക്കുമുള്ള റേഷൻ വിതരണം പുനരാരംഭിക്കും.

വെള്ളിയാഴ്ചയിലെ സാങ്കേതിക തകാറിനെതുടർന്ന് 16, 17 തീയതികളിൽ മഞ്ഞ കാർഡുകാർക്ക് മാത്രമായാണ് മസ്റ്ററിങ് ക്രമീകരിച്ചത്. എന്നാൽ, ശനിയാഴ്ചയും തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ഉന്നതതല യോഗം ചേർന്ന് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. അതേസമയം, ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചുവിടാനുള്ള മാർഗമായി ഒരുവിഭാഗം റേഷൻ വ്യാപാരികൾ സാങ്കേതിക തകരാറിനെ ഉപയോഗിച്ചെന്നും ഇത്തരം ലൈസൻസികൾക്കെതിരെ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അപൂർവം ചില കടയുടമകൾ സർക്കാറിനെ വല്ലാതെ ആക്രമിക്കുകയും ചീത്ത പറയുകയുമാണ്.

ഭീതി ജനിപ്പിക്കുന്ന പ്രചാരണങ്ങൾ അഴിച്ചുവിട്ട് ഇവർ കാർഡുടമകളെ സർക്കാറിനെതിരെ തിരിക്കുന്നു. എന്തെങ്കിലും പ്രശ്നം വന്നാൽ അത് കടയിൽവെച്ച് പരിഹരിക്കുന്നതിന് പകരം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇവ പരിശോധിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. ‘പല ദിവസങ്ങളിലും ഒമ്പതു ലക്ഷംപേർക്ക് അരിവിതരണം ചെയ്തിട്ടുണ്ട്. അന്നൊന്നും തടസ്സം നേരിട്ടിട്ടില്ല. ഒരു കടക്കാരൻ വിചാരിച്ചാൽ ക്രമീകരിച്ച് ചെയ്യാൻ കഴിയുന്ന കാര്യമാണ് മസ്റ്ററിങ്. നൂറുകണക്കിന് വ്യാപാരികൾ അവരുടെ പ്രവൃത്തിസമയം കഴിഞ്ഞും മസ്റ്ററിങ് നടത്തി കാർഡുടമകളെ സഹായിക്കുന്നുണ്ട്.

സർവർ തകറാറിനെ തുടർന്ന് വെള്ളിയാഴ്ച മസ്റ്ററിങ് നിർത്തിവെക്കാൻ സർക്കാർ ആവശ്യപ്പെട്ടപ്പോൾ വൈകീട്ടുവരെ നടന്നത് 1,82,116 പേരുടെ മസ്റ്ററിങ്ങാണ്. എന്നാൽ, രാത്രിയോടെ അത് 4,45,911പേരായി ഉയർന്നു. തിരുവനന്തപുരം മണക്കാട്ട് വനിതയായ റേഷൻ വ്യാപാരി രാത്രി ഏഴിനുശേഷം 188 പേർക്ക് മസ്റ്ററിങ് ചെയ്തുകൊടുത്തു. മസ്റ്ററിങ് നിർത്തിവെക്കാൻ പറഞ്ഞെങ്കിലും കടയിലെത്തുന്നവർക്ക് അത് ചെയ്തുകൊടുക്കാൻ വ്യാപാരികൾക്ക് കഴിയുന്നുണ്ടെങ്കിൽ സർക്കാർ എതിർക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സബ്സിഡി സാധനങ്ങൾ ഉടനെത്തും

തിരുവനന്തപുരം: സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പഞ്ചസാര ഒഴികെ ഇനങ്ങളുടെ ടെന്‍ഡർ നടപടികളാണ് പൂർത്തിയായത്. ഇരുപതോളം വിതരണക്കാർ ടെൻഡറിൽ പങ്കെടുത്തു. തുടർനടപടികൾ സപ്ലൈകോ സ്വീകരിച്ചുവരുകയാണ്.

മാർച്ച് അവസാനത്തോടെ എല്ലാ സബ്സിഡി ഇനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ശബരി കെ-റൈസിന്‍റെ വിതരണം പുരോഗമിക്കുകയാണ്. നാല് ദിവസത്തിനുള്ളിൽ 1,33,026 ഉപഭോക്താക്കള്‍ക്കായി 6,62,167 കിലോ അരി വിതരണം ചെയ്തു. ആദ്യഘട്ടം പർച്ചേസ് ഓർഡർ നൽകിയ 2000 മെട്രിക് ടൺ അരി വിതരണത്തിനെത്തിയതായും മന്ത്രി പറഞ്ഞു.

മസ്റ്ററിങ് പ്രശ്നങ്ങൾ പഠിക്കാൻ സമിതി

തിരുവനന്തപുരം: റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളെക്കുറിച്ച് പഠിക്കുന്നതിന് നാലംഗ പ്രത്യേകസമിതിയെ സർക്കാർ നിയോഗിച്ചു. സംസ്ഥാന ഐ.ടി മിഷൻ ഡ‍യറക്ടർ അനുകുമാരി അധ്യക്ഷയായുള്ള കമ്മിറ്റിയിൽ സി-ഡാക്കിലെ ശാസ്ത്രജ്ഞ എസ്. രാജശ്രീ, കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി അസി. പ്രഫസർ ഡോ. അജിത് കുമാർ, സംസ്ഥാന ഐ.ടി മിഷൻ ഇന്നവേഷൻ ആൻഡ് റിസർച് തലവൻ എസ്. സനൂബ് എന്നിവരാണ് അംഗങ്ങൾ.

ഒരാഴ്ചക്കുള്ളിൽ സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറണം. കേരള/ഹൈദരാബാദ് ഡിവിഷനിലെ ദേശീയ ഇൻഫർമാറ്റിക് സെന്‍റർ(എൻ.ഐ.സി) ജീവനക്കാർ, ബി.എസ്.എൻ.എൽ, ഭക്ഷ്യപൊതുവിതരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കം റിപ്പോർട്ട് തയാറാക്കുന്നതിനായി സമിതി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്നും ഐ.ടി സെൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ration Mustering
News Summary - The server went down again; Ration mustering has been stopped
Next Story