ഏഴ് മക്കളും തിരിച്ചറിഞ്ഞ ‘മൃതദേഹം’ ഡി.എൻ.എ പരിശോധനക്ക്
text_fieldsപത്തനംതിട്ട: ആദിവാസി വയോധികന്റേതെന്ന് തെറ്റിദ്ധരിച്ച് മൃതദേഹം സംസ്കരിച്ച സംഭവത്തില്‍ ഡി.എന്‍.എ പരിശോധനക്ക് പൊലീസ് അനുമതി തേടും. ഡിസംബര്‍ 30ന് നിലക്കലിനും ഇലവുങ്കലിനും മധ്യേ വനത്തിൽ ആര്യാട്ടുകവലയില്‍ റോഡരികില്‍ കണ്ടെത്തിയ മൃതദേഹമാണ് മഞ്ഞത്തോട് ആദിവാസി കോളനിയില്‍ രാമന് ബാബുവന്റേതാണെന്ന് തെറ്റിദ്ധരിച്ച് സംസ്കരിച്ചത്. രാമന് ബാബു (75) കഴിഞ്ഞ ദിവസം മടങ്ങിവന്നതോടെയാണ് ബന്ധുക്കള്‍ക്കും പൊലീസിനും സംഭവിച്ച അബദ്ധം പുറംലോകം അറിഞ്ഞത്.
രാമന് ബാബുവിന്റെ മക്കള്‍ തിരിച്ചറിഞ്ഞതിനാലാണ് മൃതദേഹം വിട്ടുനല്‍കിയതെന്ന് പൊലീസ് പറയുന്നു. ഏഴ് മക്കളാണ് രാമന് ബാബുവിന്. എല്ലാവരും തങ്ങളുടെ അച്ഛന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിക്കുകയും പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മണത്തറ മഞ്ഞത്തോട് കോളനിയിൽ സംസ്കരിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തില്‍ മരിച്ചതാകാമെന്നായിരുന്നു നിഗമനം. എന്നാല്‍, മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
മറവുചെയ്ത മൃതദേഹം പുറത്തെടുക്കാന്‍ ആർ.ഡി.ഒയുടെ അനുമതി വേണം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് ഇന്ന് ആരംഭിക്കും. മൃതദേഹത്തിന് അവകാശികളായി ഇതേവരെ മറ്റാരും എത്താത്തതും പൊലീസിനെ കുഴക്കുന്നു. കൊക്കത്തോട്ടിലായിരുന്ന രാമന് ബാബുവിനെ ആദ്യം തിരിച്ചറിഞ്ഞത് ഫോറസ്റ്റ് വാച്ചറായ മനുവാണ്. മനുവില്‍നിന്ന് തന്റെ ‘മരണവാര്‍ത്ത’അറിഞ്ഞ രാമന് ബാബു തിരികെ വരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.