എതിർശബ്ദങ്ങളുയർത്തുന്നവരെ ഇല്ലായ്മ ചെയ്യും, ഇതല്ല സോഷ്യലിസമെന്ന് എസ്.എഫ്.ഐ തിരിച്ചറിയണം- നിമിഷരാജു
text_fieldsകോട്ടയം: എതിർശബ്ദങ്ങളുയർത്തുന്നു എന്ന് തോന്നുന്ന ആരെയും നിഷ്കാസനം ചെയ്യുക എന്നതാണ് എസ്.എഫ്.ഐയുടെ രീതിയെന്ന് എ.ഐ.എസ്.എഫ് നേതാവ് നിമിഷ രാജു. ഇതല്ല ജനാധിപത്യം, ഇതല്ല സോഷ്യലിസം എന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും എം.ജി സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും ബലാത്സംഗ ഭീഷണി നേരിട്ട നിമിഷ രാജു 'മാധ്യമ'ത്തോട് പറഞ്ഞു.
എം.ജി.യിൽ നേരിട്ടതിന് സമാനമായ അനുഭവം കേരളത്തിൽ എല്ലാ കാമ്പസുകൾക്കകത്തും സർവകലാശാലകളിലും എ.ഐ.എസ്.എഫ് നേരിടുന്നതാണ്. കെ.എസ്.യുവും മറ്റെല്ലാം വിദ്യാർഥി പ്രസ്ഥാനങ്ങളും നേരിടുന്നതാണ്. ആ സ്വാതന്ത്ര്യത്തെ കുറിച്ചല്ല നമ്മൾ സംസാരിക്കേണ്ടത് എന്ന് ഇനിയും നമ്മൾ തിരിച്ചറിയുന്നില്ലെങ്കിൽ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്നതിന് അതൊരു കാരണമായേക്കും.
എ.െഎ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം ഷാജോ മാത്രമാണ് സെനറ്റിലേക്ക് ഇത്തവണ മത്സരിച്ചത്. എസ്.എഫ്.ഐയുടെ ആധിപത്യം െകാണ്ടാണ് മത്സരിക്കാൻ ആളില്ലാത്തത്. വിദ്യാർഥി രാഷ്ട്രീയം ഇത്രമാത്രം സജീവമായ കേരളത്തിലെ കാമ്പസുകളിൽ ഒരു സംഘടന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നുവെങ്കിൽ അതവരുടെ സർവ്വസ്വീകാര്യതയാണെന്ന് കരുതരുത്, മറിച്ച് ജനാധിപത്യത്തെ എത്രമാത്രം മറച്ചുപിടിക്കുന്നു എന്നതിന്റെ സൂചനയാണ്.
എം.ജി സെനറ്റ് തെരഞ്ഞെടുപ്പിന് പരസ്യമായി വിജ്ഞാപനമിറങ്ങുന്നതു പോലും അപൂർവമാണ്. നോട്ടിഫിക്കേഷൻ വരുന്ന സമയത്തെല്ലാം ഞങ്ങളുടെ സ്ഥാനാർഥികൾ മത്സരിക്കാറുണ്ട്. സിൻഡിക്കേറ്റടങ്ങുന്ന ആൾക്കാർ എസ്.എഫ്.ഐക്ക് വേണ്ടി ചൂട്ടുപിടിക്കുന്നതിനാലാണ് പലപ്പോഴും നോട്ടിഫിക്കേഷൻ ഉണ്ടാവാത്തത്. കഴിഞ്ഞ തവണ നോട്ടിഫിക്കേഷനില്ലാതെ ആരുമറിയാതെ മത്സരം നടത്തി. അധികാരകേന്ദ്രങ്ങളിലെ പിടി ഉപയോഗിച്ച് നടത്തുന്നതാണീ അട്ടിമറിയെന്നും നിമിഷ രാജു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.