സമഭാവനയുടെ പ്രകാശനക്ഷത്രം
text_fieldsസ്വാമി പ്രകാശാനന്ദയുടെ വേർപാട് ഗുരുദർശന പ്രചാരണത്തിനേറ്റ കനത്ത നഷ്ടമാണ്. ഗുരുവിനെ നേരിൽ കണ്ട, ശിവഗിരിയുടെ അവസാന മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ പ്രധാന ശിഷ്യനായിരുന്നു സ്വാമി പ്രകാശാനന്ദ.
സ്വാമി ശങ്കരാനന്ദയിലൂടെ ഗുരുവിെൻറ ഒരു 'വൈബ്രേഷൻ' അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് ഒരുവട്ടമെങ്കിലും അടുത്തിട്ടുള്ളവർക്ക് ബോധ്യമാകുന്നതുമാണ്. അത്രത്തോളം ഗുരുദർശനങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ് സ്വന്തം ജീവിതശൈലി രൂപപ്പെടുത്തിയാണ് മരണം വരെയും ജീവിതം നയിച്ചത്. സ്വാമിയുടെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം പുലർത്തിപ്പോന്ന കൃത്യനിഷ്ഠയാണ്. 98ാം വയസ്സിലും പുലർച്ചെ നാലിന് എഴുന്നേറ്റു.
അദ്ദേഹത്തിെൻറ ദിനചര്യ നോക്കി വാച്ച് കറക്ട് ചെയ്യാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെറുതു വലുത് ഭേദമില്ലാതെ ജീവിച്ച മനുഷ്യനാണദ്ദേഹം. പ്രധാനമന്ത്രിയായാലും മഠത്തിലെ ശിഷ്യന്മാരായാലും വെറുമൊരു സാധാരണക്കാരനായാലും അദ്ദേഹം ഒന്നുപോലെ സ്വീകരിച്ചു. ഗുരുവരുൾ പോലെ ജീവിതത്തിെൻറ എല്ലാ തലത്തിലും സമഭാവന കൈവിടാതെ ജീവിക്കാനായത് വലിയ പുണ്യമാണെന്ന് ഞാൻ കരുതുന്നു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഭരണസമിതി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് അദ്ദേഹവും ഞാനും രണ്ട് പക്ഷത്താണ് നിലകൊണ്ടത്. എങ്കിലും എന്നോടെന്നും വലിയ സ്നേഹവും വാൽസല്യവും കാണിച്ചു. ശിവഗിരിയിൽ എെൻറ നേതൃത്വത്തിലെ ഭരണസമിതി ഉണ്ടായിരുന്നപ്പോഴും നല്ല വ്യക്തിബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. എനിക്ക് വിഷമമുണ്ടാക്കുന്ന ഒരു പ്രതികരണം പോലുമുണ്ടാകാതെ ശ്രദ്ധെവച്ചു.
എനിക്ക് പരിക്കേൽക്കുന്നതൊന്നും തെൻറ പക്ഷത്തെ ആൾക്കാരിൽനിന്ന് ഉണ്ടായിപ്പോകരുതെന്ന് കർശനമായ നിഷ്കർഷയും സ്വാമി പുലർത്തിയിരുന്നു. ഈ പിതൃതുല്യമായ വാൽസല്യം അവസാനകാലത്ത് വളരെ സ്പഷ്ടമായിരുന്നു.
സ്വാമി പ്രകാശാനന്ദ ഒരു പണ്ഡിതനായിരുന്നില്ല, മറിച്ച് ഒരു സർവകലാശാലയായിരുന്നു. അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും പഠിക്കാത്ത ആരും ശിവഗിരിയിലുണ്ടാകില്ല എന്നതാണ് സത്യം. ഒരിക്കൽ മാത്രമെങ്കിലും അദ്ദേഹത്തെ കാണുകയും ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നവർക്കുപോലും അറിവിെൻറ ചെറിയൊരു പാഠമെങ്കിലും കൊടുത്തേ അദ്ദേഹം മടക്കുമായിരുന്നുള്ളൂ. ഗവേഷകരെയും പണ്ഡിതരെയും പോലെ ഗുരുദർശനങ്ങൾ പറഞ്ഞും എഴുതിയും നടന്നയാളല്ല സ്വാമി പ്രകാശാനന്ദ.
അത്രത്തോളം അനുഭവങ്ങളുടെ സമ്പത്ത് കൈമുതലുണ്ടായിരുന്നു. എത്ര വലിയ ഗഹനമായ വിഷയത്തിലും തീരെച്ചെറിയ ഉദാഹരണങ്ങൾ അടങ്ങിയ വെറും വർത്തമാനം പറച്ചിലിലൂടെയാണ് അദ്ദേഹം തെൻറ വ്യാഖ്യാനങ്ങൾ നിർവഹിച്ചിരുന്നത്.
അതുകൊണ്ടാണ് അദ്ദേഹത്തിെൻറ സാന്നിധ്യം തന്നെ അറിവുപകർന്നുകൊടുക്കലാണെന്ന് ഞാൻ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.