വിഴിഞ്ഞത്തേക്കുള്ള കപ്പൽ ഗുജറാത്തിൽനിന്ന് യാത്ര തുടങ്ങി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഷെൻഹുവ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് യാത്ര തുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് 1.10നാണ് യാത്ര ആരംഭിച്ചത്. മണിക്കൂറിൽ 7.6 നോട്ടിക്കൽ മൈൽ വേഗത്തിലാണ് സഞ്ചാരം. ഒക്ടോബർ 11നോ 12നോ കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തും.
15ന് വൈകുന്നേരം നാലിനാണ് തുറമുഖത്തെത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാനുള്ള ചടങ്ങ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം പങ്കെടുക്കും. തുറമുഖ നിർമാണത്തിനുള്ള സാധന സാമഗ്രികളും മൂന്ന് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഇതിൽ ഒരെണ്ണം വലിയ ‘ഷിപ് ടു ഷോർ’ ക്രെയിനാണ്. മറ്റ് രണ്ടെണ്ണം താരതമ്യേന ചെറിയ യാഡ് ക്രെയിനുകളും.
ആഗസ്റ്റ് 31നാണ് കപ്പൽ ചൈനയിൽനിന്ന് പുറപ്പെട്ടത്. സെപ്‌റ്റംബർ 20ന് ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ എത്തേണ്ടിയിരുന്നെങ്കിലും സെപ്റ്റംബർ 29നാണ് എത്തിയത്. ഇതാണ് ഒക്ടോബർ അഞ്ചിന് വിഴിഞ്ഞത്ത് കപ്പൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകാൻ കാരണം. മുന്ദ്ര പോർട്ടിൽ നാല് ക്രെയിനുകൾ ഇറക്കിയ ശേഷമാണ് വിഴിഞ്ഞത്തേക്കുള്ള യാത്ര പുനരാരംഭിച്ചത്.
കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള രണ്ടാമത്തെ ടഗും വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമെത്തി. അദാനി തുറമുഖ കമ്പനിയുടെ ഡോള്‍ഫിന്‍ 27 എന്ന ടഗാണ് ബുധനാഴ്ച വൈകീട്ടോടെ മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്ത് അടുപ്പിച്ചത്. ക്രെയിനുകൾ ഇറക്കാനും സ്ഥാപിക്കാനുള്ള വിദഗ്‌ധസംഘം ഉടൻ വിഴിഞ്ഞത്തെത്തും. തുറമുഖം പ്രവർത്തനം തുടങ്ങിയശേഷമാകും ഈ സംഘം മടങ്ങുക. ഓട്ടോമാറ്റിക് ക്രെയിനുകൾ പ്രവർത്തിപ്പിച്ച് കാണിക്കണമെന്ന വ്യവസ്ഥപ്രകാരമാണ് സംഘം ആറുമാസത്തിലധികം തുറമുഖത്ത് തുടരുക. തുറമുഖത്തിന്റെ അതിരുകൾ നിശ്‌ചയിച്ച് വിജ്ഞാപനം വന്നിരുന്നു. ഇതിന്‍റെ ഭാഗമായി ബോയകൾ സ്ഥാപിക്കുന്ന നടപടിയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.