വിവാഹം മുടക്കിയതിന് പലചരക്കുകട ജെ.സി.ബി ഉപയോഗിച്ച് തകർത്തു
text_fieldsചെറുപുഴ(കണ്ണൂർ): പുളിങ്ങോം ഇടവരമ്പ് ഊമലയില്‍ യുവാവ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പലചരക്കുകട ഇടിച്ചുനിരത്തി. പുളിയാര്‍മറ്റത്തില്‍ സോജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് അയല്‍വാസിയായ യുവാവ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
തിങ്കളാഴ്ച രാവിലെ കട തുറന്ന സോജി 9.30 ഓടെ കടയടച്ച് വീട്ടിലേക്ക് പോയ സമയത്താണ് യുവാവ് മണ്ണുമാന്തിയന്ത്രവുമായി വന്ന് അതിക്രമം കാട്ടിയത്. കട തകര്‍ക്കുന്ന സമയത്ത് സമീപത്തു തന്നെ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മണ്ണുമാന്തിയന്ത്രത്തിന്റെ ശബ്ദം നാട്ടുകാര്‍ ശ്രദ്ധിച്ചില്ല. പിന്നീടാണ് കട ഇടിച്ചുനിരത്തിയതറിയുന്നത്.
കട പൊളിച്ചുനീക്കിയ ശേഷം യുവാവ് ചെറുപുഴ പൊലിസില്‍ കീഴടങ്ങി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലിസ് മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്തു. അതിക്രമം നടത്തിയതിന് ഊമല സ്വദേശി പ്ലാക്കുഴിയില്‍ ആല്‍ബിന്‍ (31)ന്റെ പേരില്‍ ചെറുപുഴ പൊലിസ് കേസ്സെടുത്തിട്ടുണ്ട്.
തനിക്കുവരുന്ന വിവാഹാലോചകള്‍ മുടക്കിയതിന്റെ വൈരാഗ്യത്തിലാണ് കട തകര്‍ത്തതെന്നു യുവാവ് പൊലിസിന് മൊഴി നല്‍കി. അയല്‍ക്കാരാണെങ്കിലും ഇവര്‍ തമ്മില്‍ നാളുകളായി പരസ്പരം മിണ്ടാറില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ചെറുപുഴ പഞ്ചായത്തിന്റെ ഉള്‍പ്രദേശമായ ഊമലയില്‍ നൂറോളം വീട്ടുകാര്‍ ആശ്രയിക്കുന്ന കച്ചവട സ്ഥാപനമാണ് പട്ടാപ്പകള്‍ ഇടിച്ചുനിരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.