സിൽവർ ലൈൻ മങ്ങി; കേസുകൾ ബാക്കി
text_fieldsതിരുവനന്തപുരം: റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിച്ചെങ്കിലും സിൽവർ ലൈനിൽനിന്ന് സർക്കാർ ഔദ്യോഗികമായി പിന്മാറാത്ത സാഹചര്യത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ സമരക്കാർക്ക് കീറാമുട്ടിയാകും. ക്രിമിനൽ കേസ് പിൻവലിക്കണമെങ്കിൽ നയപരമായ തീരുമാനം വേണം. ഒത്തുതീർപ്പ് ചർച്ചയിലൂടെ ധാരണയോ സർക്കാർ പദ്ധതിയിൽ നിന്ന് ഔദ്യോഗികമായി പിൻമാറിയതായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കുകയോ ചെയ്താലേ ഇത് നടക്കൂ.
സാമൂഹികാഘാത പഠനവും ഭൂമിയേറ്റെടുക്കൽ നടപടികളും തൽക്കാലം നിർത്തിയെന്നല്ലാതെ പദ്ധതിയിൽനിന്ന് പിന്മാറിയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് കെ-റെയിൽ ആവർത്തിക്കുന്നതും. സിൽവർ ലൈനുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ 'എടുത്ത കേസുകൾ പിൻവലിക്കുമോ' എന്ന് കോടതി സർക്കാറിനോട് ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്‍റെ മറുപടി. ഇപ്പോഴും സമരക്കാർക്ക് സമൻസ് ലഭിക്കുകയാണ്. കേസുകൾ പിൻവലിക്കുന്നതിന് കോടതി വഴിയുള്ള ഇടപെടലുകളാണ് സമരസമിതിക്കു മുന്നിൽ ഇനിയുള്ളത്. നിയമവശങ്ങൾ പരിശോധിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സമിതി. സ്വന്തം ഭൂമിയിൽ അതിക്രമിച്ചുകടന്ന് സർവേക്ക് ശ്രമിച്ചവരെ തടഞ്ഞതിനാണ് കേസെടുത്തതെന്നും ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും സമിതി പ്രതിനിധികൾ പറഞ്ഞു. ഇതിന് മുന്നോടിയായി എല്ലാ ജില്ലയിൽനിന്നും കേസ് വിശദാംശങ്ങൾ സമിതി ശേഖരിക്കും.
കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടം ചേർന്നു, റോഡിൽ മാർഗ തടസ്സമുണ്ടാക്കി, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങി പൊതുമുതൽ നശിപ്പിച്ചെന്നതിന്‍റെ പേരിൽ വരെ സംസ്ഥാന വ്യാപകമായി സമരക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചാലും പ്രഖ്യാപനമല്ലാതെ പ്രാവർത്തികമാകില്ലെന്നത് പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അടിവരയിടുന്നു. സി.എ.എ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 835 കേസാണ് രജിസ്റ്റർ ചെയ്തത്. കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിയമസഭയിൽ ഏറ്റവുമൊടുവിൽ വ്യക്തമാക്കിയ കണക്ക് പ്രകാരം 34 എണ്ണമാണ് പിൻവലിച്ചത്.
ഭൂമിയിലെ നിയന്ത്രണം തുടരും
സിൽവർ ലൈൻ പദ്ധതി വിജ്ഞാപനം നിലനിൽക്കുന്നതിനാൽ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും വിലക്ക് തുടരുമെന്നതാണ് മറ്റൊരു പ്രതിസന്ധി. റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിച്ചെങ്കിലും 1221 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം മരവിപ്പിച്ചിട്ടില്ല. 2021 ആഗസ്റ്റിലും ഒക്ട്ടോബറിലുമാണ് രണ്ടു വിജ്ഞാപനവുമിറങ്ങിയത്. ഈ ഭൂമി വായ്പാവശ്യങ്ങൾക്ക് ബാങ്കുകൾ ഈടായി പരിഗണിക്കില്ലെന്നതാണ് ഉടമകളെ വെട്ടിലാക്കുന്നത്.
കോഴിക്കോട്ട് 40 കേസ്
സിൽവർ ലൈനിന് വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ 10 പൊലീസ് സ്റ്റേഷനുകളിലായി നാൽപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. അഞ്ഞൂറോളം പേർക്കെതിരെയാണ് കേസ്.
മലപ്പുറത്ത് മൂന്ന്
മലപ്പുറം ജില്ലയിൽ മൂന്ന് കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ രണ്ടും താനൂർ പരിധിയിൽ ഒരു കേസുമാണിത്. ഇതിൽ സമരസമിതിയുടെ രണ്ട് കേസ് ഹൈകോടതി സ്റ്റേ ചെയ്തു.
തൃശൂരിൽ അറസ്റ്റ്
ജില്ലയിൽ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 22 പേർ. ഇവർക്കെതിരെ കേസെടുക്കുകയോ തുടർ നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല.
ആലപ്പുഴയിൽ 15 കേസ്
സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി അടക്കം പ്രതികളായ 15ഓളം കേസാണ് ആലപ്പുഴ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലയിൽ ചെങ്ങന്നൂർ മേഖലയിലൂടെ മാത്രം വിഭാവനം ചെയ്തതായിരുന്നു സർവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.