സിൽവർ ലൈൻ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു, പ്രതിപക്ഷ നേതാവിന് ഓർമക്കുറവ് -മുഖ്യമന്ത്രി
text_fieldsകൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം ചര്‍ച്ച നടത്തിയത് എം.എല്‍.എമാരുമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചർച്ച ചെയ്തില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിന് കെ-റെയിൽ വിശദീകരണ യോഗത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ അവതരിപ്പിച്ചില്ലെന്നത് ഓര്‍മക്കുറവാണ്. ചില കാര്യങ്ങളിൽ ഒരു കാലം കഴിയുമ്പോൾ മറവിയുണ്ടാകും. പക്ഷേ, ഇത് അങ്ങനെ മറക്കേണ്ടതാണോ. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിനുശേഷമാണ് എതിര്‍പ്പ് ഉയര്‍ന്നത്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്.
പദ്ധതിയുടെ തുടക്കത്തില്‍തന്നെ എം.എൽ.എമാരുമായാണ് ചര്‍ച്ച ചെയ്തത്. നിയമസഭയില്‍ പ്രധാന കക്ഷിനേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഉന്നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്തെ നിയമസഭയിലായിരുന്നു. എന്നാല്‍, എൽ.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പ് രൂക്ഷമായത്.
ഈ പദ്ധതി നാടിന് ആവശ്യമാണ്. വികസനത്തിൽ താൽപര്യമുള്ള എല്ലാവരും ഇതിൽ സഹകരിക്കുകയാണ് വേണ്ടത്. അതല്ല, ഇപ്പോൾ ഇത് പറ്റില്ലെങ്കിൽ പിന്നെ എപ്പോഴാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളം സാമ്പത്തിക പ്രാരാബ്ധം അനുഭവിക്കുന്നു
വലിയ സാമ്പത്തിക പ്രാരാബ്ധം അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ബജറ്റിലെ വിഹിതം വെച്ച് വികസന പദ്ധതികൾ പൂർത്തിയാക്കാൻ പുറപ്പെട്ടാൽ വളരെക്കാലം പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലത്തിനനുസരിച്ച് മുന്നേറാനും പശ്ചാത്തല സൗകര്യവികസനത്തിന് ബജറ്റിന് പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതി നടപ്പാക്കാനുമാണ് കിഫ്ബി രൂപവത്കരിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷംകൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടിയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. നാടിന് അതുണ്ടാക്കിയ മാറ്റമുണ്ട്. കേരളത്തിന്‍റെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'വികസന കാര്യങ്ങളിൽ എതിർപ്പിന് വഴങ്ങില്ല'
വികസന കാര്യങ്ങളിൽ ഏതാനും ചിലരുടെ എതിർപ്പിന്റെ മുന്നിൽ വഴങ്ങിക്കൊടുക്കലല്ല സർക്കാറിന്റെ ധർമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിക്കുവേണ്ടിയുള്ള കാര്യങ്ങൾ നടപ്പാക്കുക എന്നതിലാണ് സർക്കാർ ഊന്നി നിൽക്കേണ്ടത്. എറണാകുളത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ സില്‍വര്‍ ലൈൻ പദ്ധതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ഭാവിക്ക് വേണ്ടകാര്യത്തിൽ ചിലർക്ക് എതിർപ്പുണ്ടെന്ന് കരുതി ആ പദ്ധതി ഉപേക്ഷിക്കുന്നത് ശരിയല്ല. സർക്കാറിന്റെ പ്രഥമബാധ്യത നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ്. ആ ചുമതലകൾ നിറവേറ്റുന്നില്ലെങ്കിൽ നാട് സര്‍ക്കാറിനെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല; പ്രത്യേക സമ്മേളനം വിളിക്കണം -വി.ഡി. സതീശൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്തി, തുടക്കം മുതല്‍ക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ഇപ്പോള്‍ പറയുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൗര പ്രമുഖരുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.
നിയമസഭയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യില്ല, പൗര പ്രമുഖരുമായി മാത്രമെ ചര്‍ച്ച നടത്തു എന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ആരില്‍ നിന്നു എന്തെങ്കിലും മറച്ചുവെക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഡി.പി.ആര്‍ രഹസ്യരേഖയാക്കിയത് എന്തിനു വേണ്ടിയായിരുന്നു?.
പാരിസ്ഥിതിക, സമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെ ഭൂമി ഏറ്റെടുക്കാന്‍ കാട്ടുന്ന ഈ ധൃതിക്ക് പിന്നില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ട്. പ്രളയവും ഉരുള്‍പൊട്ടലും പേമാരിയും തുടര്‍ച്ചയായി കേരളത്തെ തകര്‍ത്തെറിഞ്ഞത് മുഖ്യമന്ത്രി മറന്നു പോയോ?. കേരളത്തിന്‍റെ ഭൂഘടനയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാതെ പൊതുജനങ്ങള്‍ക്കു മേല്‍ കോടികളുടെ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന പദ്ധതി ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.