ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഒത്താശ- വി.ഡി. സതീശൻ
text_fieldsഇടുക്കി: സര്‍ക്കാര്‍ ഭൂമി കൈയേറ്റമാണ് ചൊക്രമുടിയില്‍ നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കൈയേറാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നിന്നിരിക്കുകയാണെന്നും ചൊക്രമുടി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ നേതാക്കളുടെ ഒത്താശയോടെയാണ് ഈ കൈയേറ്റം. ഡേറ്റ് ഇല്ലാതെ റവന്യൂ മന്ത്രിക്ക് ലഭിച്ച കത്താണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. കത്തിന്റെ അടിസ്ഥാനത്തിലാണ് 354 ഹെക്ടര്‍ സ്ഥലം ക്രമപ്പെടുത്തിയെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുകയും നീര്‍ച്ചാലുകള്‍ തടസപ്പെടുത്തുകയും ചെയ്തു.
വരയാടുകള്‍ പോലുള്ള സംരക്ഷിത മൃഗങ്ങള്‍ എത്തുന്നതും നിലക്കുറിഞ്ഞി പോലുള്ള സംരക്ഷിത ചെടികള്‍ വളരുന്നതും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ റെഡ് സോണില്‍ ഉള്‍പ്പെട്ടതുമായ സ്ഥലമാണ് കൈയേറിയത്. ഒരിക്കലും തൊടാന്‍ പാടില്ലാത്ത സ്വാഭാവികമായ പ്രദേശമാണ് സര്‍ക്കാരിന്റെ അനുമതിയോടും ഉന്നത നേതാക്കളുടെ ഒത്താശയോടെയും കൈയേറിയത്. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രീതിയിലുള്ള നിർമാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്.
ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. സി.പി.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഒരു അനക്കവുമില്ല. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്.
ഭൂമി കയ്യേറ്റത്തില്‍ സി.പി.ഐയും സി.പി.എമ്മും തമ്മില്‍ മത്സരിക്കുകയാണ്. ചൊക്രമുടിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റമരം, ഉപ്പള, പച്ചപ്പുല്‍ തുടങ്ങിയ പ്രദേശങ്ങള്‍ സി.പി.എം മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം മണിയുടെ സഹേദരന്‍ ലംമ്പോധരനും ഭാര്യാ സഹോദരനും കൈയേറിയിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളുടെ മറവില്‍ ഒരു മാഫിയാ സംഘം ഭൂമി കൈയേറുകയാണ്. കൈയേറ്റം നടന്നിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും എത്തി അത് പുറത്തു കൊണ്ടുവരും. കൈയേറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സര്‍ക്കാര്‍ ഭൂമി കണ്ടുകെട്ടിക്കും. സാധാരണക്കാരായ കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമി പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.