ബി.ജെ.പിയിൽ ചേർന്ന മകൻ പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു -എം.എം. ലോറൻസ്
text_fieldsകൊച്ചി: ബി.ജെ.പിയിൽ ചേർന്ന തന്‍റെ മകൻ അഡ്വ. എം.എൽ. എബ്രഹാം (അബി) പിന്നീട് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നുവെന്ന് സി.പി.എം നേതാവ് എം.എം. ലോറൻസ്. അബി ബി.ജെ.പിയിൽ ചേർന്നതിനെ താൻ ഉൾപ്പെടെ നിശിതമായി വിമർശിച്ചിരുന്നു. അതിനുശേഷം അബി വന്നു കണ്ടിരുന്നു. തെറ്റ് പറ്റിയതാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമൂലമാണ് അപ്രകാരം ഉണ്ടായതെന്നും ബി.ജെ.പിയുടെ ആശയഗതികളോടോ പ്രവർത്തന പരിപാടികളോടോ യോജിപ്പുമില്ലെന്നും പറഞ്ഞിരുന്നു. താൻ ബി.ജെ.പിയുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്നും എന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം തന്‍റെ വസതിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
എ.കെ. ആന്‍റണിയുടെ മകൻ ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ നടന്ന ചർച്ചകളിൽ എന്തുകൊണ്ട് തന്‍റെ മകൻ ബി.ജെ.പിയിൽ ചേർന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നില്ല എന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മകൻ ബി.ജെ.പിയിൽ ചേർന്നതിനെ എ.കെ. ആന്‍റണി തള്ളിപ്പറഞ്ഞിരുന്നു. അത് വളരെ നല്ല കാര്യം. അനിൽ ആന്‍റണി ഒരു പക്ഷേ തെറ്റ് മനസ്സിലാക്കി ബി.ജെ.പി വിട്ടേക്കാം. ബി.ജെ.പിയുടെയും സംഘ്പരിവാരത്തിന്‍റെയും പ്രവർത്തനങ്ങൾ സമൂഹത്തെയും രാഷ്ട്രത്തെയും ഭിന്നിപ്പിക്കുകയും ആപത്തിലേക്ക് നയിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ലോറൻസ് പറഞ്ഞു. അബി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിര്യാതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.