സ്പീക്കർ സർക്കാറിന്‍റെ കിങ്കരനെപ്പോലെ പ്രവർത്തിക്കുന്നു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: സര്‍ക്കാറിന്റെ കിങ്കരനെപ്പോലെ സ്പീക്കര്‍ പദവിയുടെ ഗൗരവം കളഞ്ഞുകൊണ്ടാണ് എ.എൻ. ഷംസീർ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഭരണകക്ഷിയിലെ ബാക്ക് ബെഞ്ച് എം.എല്‍.എ ബഹളമുണ്ടാക്കുന്നത് പോലെയാണ് വലിയ കസേരയില്‍ ഇരിക്കുന്ന സ്പീക്കര്‍ പെരുമാറുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ ഒമ്പത് മിനിറ്റ് ആയപ്പോള്‍ തന്നെ പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്യുമെന്ന രീതിയിലാണ് സ്പീക്കര്‍ സംസാരിച്ചതും മുന്നോട്ടുപോയതും. തിങ്കളാഴ്ച 59 മിനിറ്റാണ് സഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ഇനി മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അവര്‍ക്കനുവദിച്ച സമയത്തില്‍ ഒരു മിനിറ്റ് കൂടുതല്‍ സംസാരിച്ചാല്‍ പ്രതിപക്ഷം അത് ബഹിഷ്‌കരിക്കും. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ട് ക്ഷമയോടെ ഇരുന്നതാണ് പ്രതിപക്ഷം. പ്രതിപക്ഷനേതാവായിരിക്കെ അച്യുതാനന്ദന്‍ 36 മിനിറ്റ് വാക്കൗട്ട് പ്രസംഗത്തിനെടുത്തിട്ടുണ്ട്.
നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് സമയം വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷനേതാവായിട്ടും തന്റെ പ്രസംഗം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തടസ്സപ്പെടുത്തുന്നതിന് പുറമെയാണ് സ്പീക്കറും തടസ്സപ്പെടുത്തിയത്. സ്പീക്കര്‍ ആ കസേരയോട് നീതി പുലര്‍ത്തുന്നില്ല. വാക്കൗട്ട് പ്രസംഗത്തില്‍ മാത്രമല്ല, മാത്യുകുഴല്‍നാടന്‍ ചോദ്യംചോദിച്ച സമയം മുതല്‍ യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യം ചോദിക്കുന്നതില്‍ സ്പീക്കര്‍ നിരന്തരമായി ഇടപെടുകയും അവരെ തടസ്സപ്പെടുത്തുകയുമായിരുന്നു. 20 സെക്കന്റ് ആകും മുമ്പ് ചോദ്യം ചോദിക്കുന്നതില്‍ യു.ഡി.എഫ് അംഗങ്ങളെ തടസ്സപ്പെടുത്തുന്ന നിലപടാണ് സ്പീക്കര്‍ സ്വീകരിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.