സഹോദരൻ അയ്യപ്പൻ കേരളത്തിന്റെ സാംസ്കാരിക സമകാലിക ജീവിതത്തിൽ കാതലായ മാറ്റം വരുത്തിയ മഹാനെന്ന് സ്പീക്കർ
text_fieldsകൊച്ചി: കേരളത്തിന്റെ സാംസ്കാരിക സമകാലിക ജീവിതത്തിൽ കാതലായ മാറ്റം വരുത്തിയ മഹാനാണ് സഹോദരൻ അയ്യപ്പൻ എന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. സഹോദരൻ അയ്യപ്പന്റെ 134-ാം ജന്മദിനം ആഘോഷം ചെറായിൽ സഹോദര അയ്യപ്പന്റെ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തെ അനാചാരങ്ങളുടെ ഇരുണ്ട നാളുകളിൽ നിന്നും മോചിപ്പിക്കുന്നതിന് യത്നിച്ച നവോത്ഥാന ശില്പികളിൽ പ്രമുഖനാണ് സഹോദരൻ അയ്യപ്പൻ. അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കി യുക്തിചിന്തയും ശാസ്ത്രബോധവും വളർത്താൻ സഹോദരൻ അയ്യപ്പൻ പരിശ്രമിച്ചുവെന്നും സ്പീക്കർ പറഞ്ഞു.
ഓജസ് നഷ്ടപ്പെട്ട അപകടകരമായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച യഥാർത്ഥ നവോത്ഥാന നായകൻ കൂടിയായിരുന്നു അയ്യപ്പൻ എന്നും ഷംസീർ പറഞ്ഞു.
സഹോദരൻ അയ്യപ്പൻ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്കാരം 'അമ്മയുടെ ഓർമ്മ പുസ്തകം' എന്ന ജീവിത ചരിത്ര ഗ്രന്ഥം രചിച്ച മാധവൻ പുറച്ചേരിക്ക് സ്പീക്കർ ചടങ്ങിൽ സമ്മാനിച്ചു.
സഹോദരൻ അയ്യപ്പൻ സ്മാരക ചെയർമാൻ എസ്. ശർമ അധ്യക്ഷത വഹിച്ചg. ചടങ്ങിൽ കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായി. കഥാകൃത്ത് എൻ.എസ് മാധവൻ, ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, തീരദേശ പരിപാലന അതോറിറ്റി അംഗം എ.പി പ്രിനിൽ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം ഷീല ഗോപി, ഡോക്ടർ കെ.കെ ജോഷി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.