പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയെന്ന് സ്പീക്കർ
text_fieldsമാരാരിക്കുളം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റിയെന്ന് നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കലവൂർ പ്രീതികുളങ്ങര ടി.എം.പി. എൽ.പി. സ്‌കൂളിലെ ഇരുനില ഹൈടെക് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.
ഇന്ത്യയിൽ കേരളത്തിൽ അല്ലാതെ മറ്റൊരു സംസ്ഥാനത്തും പൊതു വിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ ഉണ്ടാകില്ല. സ്‌കൂളുകൾ മികച്ചതായപ്പോൾ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുകയും അക്കാദമിക നിലവാരം ഉയരുകയും ചെയ്തു. സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കമിട്ടപ്പോൾ രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് അതിനെ ജനകീയ പ്രസ്ഥാനമാക്കി.
വിദ്യാഭ്യാസമെന്ന മൂലധനം അനേകം തലമുറക്ക് തിരിച്ചു കിട്ടുന്ന വലിയ നിക്ഷേപമാണ്. അറിവ് മൂലധനമായി മാറുന്ന കാലഘട്ടമാണിതെന്നും അതുകൊണ്ടാണ് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റാൻ സർക്കാർ വിവിധ പദ്ധതികളിലൂടെ ശ്രമിക്കുന്നതെന്നും അതിന്റെ അടിസ്ഥാനമായാണ് സ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തിക്കൊണ്ടു വരുന്നതെന്നും സ്പീക്കർ പറഞ്ഞു.
ഇനി ഉന്നതവിദ്യാഭ്യാസ നിലവാരം പുതുക്കിപ്പണിയണം. ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമ്പോൾ മികച്ച വിദ്യാഭ്യാസവും അതിലൂടെ തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, വൈസ് പ്രസിഡന്‍റ് ഇന്ദിര തിലകൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് സിംസൺ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.കെ. ഷൈനി, പി.ടി.എ. പ്രസിഡന്‍റ് വിശ്വരാജൻ, പഞ്ചായത്ത് ഫാക്കൽറ്റി വി.വി. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.