കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ സഹകരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമെന്ന് സ്പീക്കര്‍
text_fieldsകൊച്ചി: കേരളത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും സഹകരണ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. വെങ്ങോല സര്‍വീസ് സഹകരണ ബാങ്ക് സൂപ്പര്‍ ഗ്രേഡ് ബാങ്കായി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും ബാങ്ക് പോഞ്ഞാശ്ശേരിയില്‍ ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ മേഖലയിലും ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. രാജ്യം സാമ്പത്തികമായി പ്രതിസന്ധി നേരിട്ട പലഘട്ടങ്ങളിലും കേരളത്തിന് തുണയായത് ഇത്തരം സഹകരണ പ്രസ്ഥാനങ്ങളാണ്. അതുകൊണ്ട് സഹകരണ സംഘങ്ങളുടെ വളര്‍ച്ചക്ക് ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങളും പ്രവര്‍ത്തിക്കണം. സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ച നാടിന്റെ വളര്‍ച്ചക്ക് അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.
തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുക, കുടിശ്ശിക തോത് 15 ശതമാനത്തില്‍ താഴെയാകുക തുടങ്ങി പ്രവര്‍ത്തന മികവിന്റെ ഏഴു മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന സഹകരണ വകുപ്പ് വെങ്ങോല സര്‍വീസ് സഹകരണ ബാങ്കിനെ സൂപ്പര്‍ ഗ്രേഡ് ബാങ്കായി ഉയര്‍ത്തിയത്. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കാര്‍ഷിക രംഗത്ത് പുനര്‍ജനി പദ്ധതി, പച്ചക്കറി വിപണി, വയോധികര്‍ക്ക് സ്പര്‍ശം പെന്‍ഷന്‍ പദ്ധതി തുടങ്ങി ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളും ബാങ്ക് നടപ്പിലാക്കുന്നു.
ബാങ്കിന്റെ കീഴിലെ രണ്ടാമത്തെ സൂപ്പര്‍മാര്‍ക്കറ്റ് ആണ് പോഞ്ഞാശ്ശേരി കനാല്‍ ജംഗ്ഷനില്‍ ആരംഭിച്ചത്. സഹകരികള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനമാകും വിധം ഗുണമേന്മയുള്ള നിത്യോപയോഗ വസ്തുക്കള്‍ കുറഞ്ഞ വിലയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ലഭിക്കും.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആദ്യ വില്‍പ്പന പി.വി ശ്രീനിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി സിമി കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.