പി. ശശിക്കെതിരെ റെഡ് ആർമി; കണ്ണൂർ ലോബിയിലെ പിളർപ്പ് പുറത്തേക്ക്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനുമെതിരെ ആരോപണമുന്നയിച്ച പി.വി. അൻവർ എം.എൽ.എക്ക് പിന്തുണയുമായി പി. ജയരാജനുമായി അടുപ്പമുള്ള റെഡ് ആർമിയുടെ ഫേസ്ബുക്ക് പേജ്. നേരത്തേ പി.ജെ ആർമി എന്ന പേരിൽ അറിയപ്പെട്ട പേജ്, പി. ജയരാജനെതിരെ ഉയർന്ന വാഴ്ത്തുപാട്ട് ആരോപണത്തെ തുടർന്നാണ് റെഡ് ആർമിയായത്. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ഇറങ്ങിത്തിരിച്ച പൊലീസ് ക്രിമിനലെന്നാണ് എ.ഡി.ജി.പി അജിത്കുമാറിനെ റെഡ് ആർമി പേജിൽ വ്യാഴാഴ്ച വന്ന കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. പി. ശശിയെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്നും പറയുന്നുണ്ട്. റെഡ് ആർമിയുടെ തുറന്നടിച്ച നിലപാട് പാർട്ടി കണ്ണൂർ ലോബിയിലെ പിളർപ്പ് പ്രകടമാക്കുന്നു.
പാർട്ടി അംഗത്വം പോലുമില്ലാത്ത വെറും അനുഭാവിയായ അൻവർ ഒരു വിപ്ലവ മാതൃകയാണ്. പാർട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ് ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യേണ്ടത്. സ്വർണക്കടത്തും കൊലപാതകവുമടക്കം എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ചെയ്ത ക്രിമിനൽ ചെയ്തികൾക്ക് മൗനാനുവാദം നൽകിയ, സർക്കാറിനെയും പാർട്ടിയെയും പൊതുജനങ്ങൾക്ക് മുന്നിൽ അവഹേളിക്കുന്ന ഉദ്യോഗസ്ഥർക്ക് ഓശാനപാടിയ വർഗവഞ്ചകർ ഇനിയും ആ സ്ഥാനത്ത് തുടരാൻ പാടില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണ്.
എതിരാളികൾക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ടല്ല, സി.പി.എമ്മിന്റെ ഇപ്പോഴുള്ള പോക്കിനോടുള്ള പ്രതിഷേധംകൊണ്ടാണ്. അതൊരു സൂചനയാണ്. അൻവർ അക്കമിട്ട് നിരത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും ആർജവമുള്ള തീരുമാനം കൈക്കൊള്ളുമെന്നാണ് ഏതൊരു ഇടതുപക്ഷ സഹയാത്രികന്റെയും ഉറച്ച വിശ്വാസമെന്നും കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.