മുഖ്യമന്ത്രിയും കായിക മന്ത്രിയും ഇടപെട്ടു; കായിക ഗ്രേസ് മാർക്ക് വീണ്ടും ഉയർത്തി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ കായിക താരങ്ങൾക്കുള്ള ഗ്രേസ് മാർക്കിൽ വർധന. ഇതിനനുസൃതമായി ഗ്രേസ് മാർക്ക് മാനദണ്ഡം പരിഷ്കരിച്ചുള്ള ഉത്തരവിൽ വീണ്ടും തിരുത്തൽ വരുത്തി.ദേശീയ, അന്തർദേശീയ കായിക ഇനങ്ങളിൽ വിജയിക്കുന്നവർക്ക് നേരത്തേ നിശ്ചയിച്ച ഗ്രേസ് മാർക്ക് കുറഞ്ഞെന്ന പരാതിയെ തുടർന്ന് മുഖ്യമന്ത്രിയും കായിക മന്ത്രി വി. അബ്ദുറഹ്മാനും നടത്തിയ ഇടപെടലിനെ തുടർന്നാണ് ഉത്തരവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വീണ്ടും ഭേദഗതി വരുത്തിയത്.
കായിക മേഖലയിലെ മികവിനും സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് എന്നിവയിലെ മികവിനും നൽകുന്ന ഗ്രേസ് മാർക്കിലാണ് മാറ്റം വരുത്തിയത്. അന്തർദേശീയ കായിക ഇനങ്ങളിൽ ഒന്നാംസ്ഥാനം നേടുന്നവർക്കുള്ള ഗ്രേസ് മാർക്ക് പുതിയ ഉത്തരവിലൂടെ 100 ആയി ഉയർത്തി. രണ്ടാം സ്ഥാനത്തിന് 90 മാർക്കും മൂന്നാം സ്ഥാനത്തിന് 80 മാർക്കും അന്തർദേശീയ ഇനത്തിലെ പങ്കാളിത്തത്തിന് 75 മാർക്കുമായിട്ടാണ് ഉയർത്തിയത്.
ദേശീയ മത്സര ഇനങ്ങളിലെ വിജയികൾക്കുള്ള ഗ്രേസ് മാർക്കും ഉയർത്തിയിട്ടുണ്ട്. ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50 മാർക്കും രണ്ടാംസ്ഥാനം നേടുന്നവർക്ക് 40 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 30 മാർക്കും നൽകും. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 25 മാർക്ക് നൽകും. ഹയർസെക്കൻഡറിയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് നേടുന്നവർക്ക് 40 മാർക്കും രാഷ്ട്രപതി അവാർഡ് നേടുന്നവർക്ക് 50 മാർക്കും നൽകും. എൻ.എസ്.എസ് റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 40 മാർക്ക് നൽകും.
കായിക താരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നിശ്ചയിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പ് തങ്ങളുമായി കൂടിയാലോചിച്ചില്ലെന്ന് ഉൾപ്പെടെ പരാതികൾ കായിക വകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കായികതാരങ്ങൾ ദേശീയ, അന്തർദേശീയ തലങ്ങളിൽ നേടുന്ന നേട്ടങ്ങളെ കുറച്ചുകാട്ടുന്നതാണ് ഗ്രേസ് മാർക്ക് കുറച്ച നടപടിയെന്നും വിമർശനമുയർന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
ഉത്തരവിൽ രണ്ടു തവണ തിരുത്തൽ വരുത്തിയത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷഫല പ്രഖ്യാപനം വൈകാൻ വഴിവെക്കുമെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പിൽ ഉയർന്നിട്ടുണ്ട്. മേയ് 18ന് പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ എസ്.എസ്.എൽ.സി ഫലം തയാറാക്കാനായിരുന്നു നേരത്തേ പരീക്ഷഭവന് നിർദേശം നൽകിയിരുന്നത്.ഗ്രേസ് മാർക്ക് ഉത്തരവിൽ മാറ്റം വന്നതോടെ 20ന് ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് പരീക്ഷഭവൻ. 22ന് പ്രസിദ്ധീകരിക്കാനിരുന്ന ഹയർ സെക്കൻഡറി ഫലം പുതിയ സാഹചര്യത്തിൽ 25ന് പ്രസിദ്ധീകരിക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.