‘സ്റ്റേജ് തകർന്നു, ഞാനും മുരളീധരനും താഴെ വീണു’; പൊലീസ് നടപടിയെ കുറിച്ച് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ‘‘ഞങ്ങളാകെ നനഞ്ഞു. ആ സ്റ്റേജ് തകർന്നു. ഞാനും കെ. മുരളീധരനും താഴെ വീണു. കണ്ണുനീറി ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ആക്രമണമുണ്ടായത് ’’. ഡി.ജി.പി ഓഫിസിന് മുന്നിലെ പൊലീസ് നടപടിയെ കുറിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾ ഇങ്ങനെ.
‘‘ഞങ്ങളാരും ഒരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. ഞങ്ങളവിടെ സ്റ്റേജിൽ പ്രസംഗിക്കാൻ ഇരിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പിന്നീട് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഉയർന്ന അളവിൽ കണ്ണീർ വാതകം പ്രയോഗിക്കുന്നത്. തൊട്ടുപിന്നാലെ വലിയ ശക്തിയിൽ ജലപീരങ്കി പ്രയോഗിക്കുയായിരുന്നു.
പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ നിരവധി തവണയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. സാധാരണ ഗതിയിൽ മുന്നറിയിപ്പു നൽകുക പതിവാണ്. ഇവിടെ മുതിർന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നൽകാതിരുന്നത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. ഒരു മര്യാദയില്ലാതെയല്ലേ പൊലീസ് പെരുമാറിയത്.
ഏതു പാർട്ടിയുടെ ആയാലും മുതിർന്ന നേതാക്കൾ പ്രസംഗിക്കുമ്പോൾ പൊലീസ് പാലിക്കുന്ന കീഴ്വഴക്കവും മര്യാദയുമുണ്ട്. അതൊരു നിയമമായിട്ടല്ല. ആഭ്യന്തര വകുപ്പ് നിർദേശം നൽകാറുണ്ട്. ആ കീഴ്‌വഴക്കമാണ് ലംഘിച്ചത്. മുഖ്യമന്ത്രി അറിയാതെ ഇത്തരം സംഭവം നടക്കുമോ?’’ -ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.